ഭാര്യ "കൊന്നയാളെ' കണ്ടെത്തി; നൗഷാദ് കേസിൽ വഴിത്തിരിവ്
Friday, July 28, 2023 12:29 PM IST
പത്തനംതിട്ട: കലഞ്ഞൂര്‍പാടം സ്വദേശി നൗഷാദിന്റെ തിരോധാനക്കേസില്‍ വീണ്ടും വഴിത്തിരിവ്. ഭാര്യ കൊലപ്പെടുത്തി എന്ന് കരുതിയ നൗഷാദ് ജീവനോടെയുള്ളതായി കണ്ടെത്തി. ഇയാളെ തൊടുപുഴ തൊമ്മൻകുത്ത് കുഴിമറ്റം ഭാഗത്തുനിന്നും പോലീസ് കണ്ടെത്തുകയായിരുന്നു. നൗഷാദിനെ തൊടുപുഴ ഡിവെെഎസ്പി ഓഫീസിൽ എത്തിച്ചു.
കൊലപാതക വിവരം വാര്‍ത്തയായതോടെ ആളുകള്‍ ഇയാളെ തിരിച്ചറിഞ്ഞു. മാത്രമല്ല ലുക്ക് ഔട്ട് നോട്ടീസില്‍ നൗഷാദിന്റെ ഉയരവും പ്രായവും മറ്റ് വിവരങ്ങളുമൊക്കെ നല്‍കിയിരുന്നു. ആളുകള്‍ കണ്ടു എന്നു പറഞ്ഞ ഇടങ്ങളില്‍ പോലീസ് അന്വേഷണം വ്യാപിക്കുകയായിരുന്നു.
വിശ്വസനീയമായ വിവരം ലഭിച്ചത് തൊമ്മൻകുത്ത് ഭാഗത്തുനിന്നായിരുന്നു. പോലീസെത്തി തിരക്കിയപ്പോള്‍ താന്‍ നൗഷാദ് ആണെന്ന കാര്യം ഇയാൾ സമ്മതിച്ചു. ഇതോടെ നൗഷാദിനെ തൊടുപുഴ ഡിവെെഎസ്പി ഓഫീസിൽ എത്തിക്കുകയായിരുന്നു.
ഭാര്യയുമായി പ്രശ്നം ഉണ്ടായിരുന്നതായി നൗഷാദ് പറഞ്ഞു. ഭാര്യ കൂട്ടിക്കൊണ്ടുവന്ന ആളുകൾ തന്നെ മര്‍ദിച്ചതായി ഇയാള്‍ ആരോപിക്കുന്നു. പേടി കാരണമാണ് താന്‍ നാട്ടില്‍നിന്നും പോയതെന്നും തിരോധാന വാര്‍ത്തകള്‍ കണ്ടിരുന്നില്ലെന്നും നൗഷാദ് പറയുന്നു.
ഭാര്യ "കൊന്നു കുഴിച്ചുമൂടി' എന്ന മൊഴി നല്‍കിയത് എന്തുകൊണ്ടെന്ന് തനിക്കറിയില്ല. താന്‍ ഒന്നരവര്‍ഷത്തിനിടെ നാട്ടില്‍ പോയിട്ടില്ല. ഇനി ഭാര്യയ്ക്ക് അരികിലേക്ക് ഇല്ലെന്നും നൗഷാദ് പറഞ്ഞു.
2021-ലാണ് നൗഷാദിനെ കാണാതായത്. മകന്റെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നൗഷാദിന്റെ പിതാവ് കേസ് നല്‍കിയിരുന്നു. ഈ കേസിന്റെ ചോദ്യംചെയ്യലിനിടെ നൗഷാദിന്റെ ഭാര്യ അഫ്സാന നല്കിയ മൊഴികളില്‍ വൈരുധ്യങ്ങളുണ്ടായിരുന്നു.
ഇതോടെ അഫ്സാനയെ സംശയം തോന്നിയ പോലീസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍, ഒന്നരവര്‍ഷം മുന്‍പ് പറക്കോട് പരുത്തിപ്പാറയില്‍ വാടകയ്ക്ക് താമസിക്കുമ്പോള്‍ വഴക്കിനിടെ താന്‍ നൗഷാദിനെ തലയ്ക്കടിച്ചുകൊന്നുവെന്ന് അഫ്സാന പോലീസിനോട് പറഞ്ഞു.
നൗഷാദിനെ കൊലപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അഫ്സാനയുടെ അറസ്റ്റ് രേഖപ്പെടുത്തി. തെളിവ് നശിപ്പിക്കല്‍, പോലീസിനെ കബളിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസിലാണ് നിലവില്‍ അറസ്റ്റ്. വ്യാഴാഴ്ച പരുത്തിപ്പാറയിലെ വീട് ഉള്‍പ്പെടുന്ന പ്രദേശത്തടക്കം പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല.
നിലവിൽ തൊടുപുഴ ഡിവെെഎസ്പി ഓഫീസിലുള്ള നൗഷാദിനെ വെെകാതെ പത്തനംതിട്ട പോലീസിന് കൈമാറും.