കലഞ്ഞൂര്‍ നൗഷാദ് തിരോധാനം: അഫ്സാനയ്ക്കെതിരേ സുഹൃത്ത്
Friday, July 28, 2023 10:21 AM IST
പത്തനംതിട്ട: കലഞ്ഞൂര്‍പാടം സ്വദേശി നൗഷാദിന്റെ തിരോധാനക്കേസില്‍ അറസ്റ്റിലായ ഭാര്യ അഫ്സാന സംസാരിക്കുന്നത് പരസ്പര വിരുദ്ധമായിട്ടെന്ന് സുഹൃത്ത് ഷാനി. കഴിഞ്ഞദിവസം ഇവരുടെ സാന്നിധ്യത്തില്‍ പോലീസ് അഫ്സാനയെ ചോദ്യംചെയ്തിരുന്നു.
നൗഷാദിനെ താന്‍ കൊലപ്പെടുത്തി എന്ന് മൊഴി അഫ്സാന ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ മൃതദേഹം മറ്റൊരാളുടെ സഹായത്താല്‍ മാറ്റിയെന്ന് അഫ്സാന പുതിയതായി പറയുന്നു. പക്ഷേ മാറ്റിയത് എവിടേക്കെന്ന് പറയുന്നില്ല. മൃതദേഹം പെട്ടി ഓട്ടോയില്‍ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയെന്നാണ് അഫ്സാന പറയുന്നതെന്ന് ഷാനി മാധ്യമങ്ങളോട് പറഞ്ഞു.
2021-ലാണ് നൗഷാദിനെ കാണാതായത്. മകന്റെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നൗഷാദിന്റെ പിതാവ് കേസ് നല്‍കിയിരുന്നു. ഈ കേസിന്റെ ചോദ്യംചെയ്യലിനിടെ അഫ്സാന നല്കിയ മൊഴികളില്‍ വൈരുധ്യങ്ങളുണ്ടായിരുന്നു.
നൗഷാദിനെ അടൂര്‍ ഭാഗത്ത് വെച്ച് താന്‍ കണ്ടെന്ന് അഫ്സാന പോലീസിനോട് കളവ് പറഞ്ഞു. അഫ്സാനയുടെ മൊഴിയില്‍ സംശയം തോന്നിയ പോലീസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്യലില്‍, ഒന്നരവര്‍ഷം മുന്‍പ് പറക്കോട് പരുത്തിപ്പാറയില്‍ വാടകയ്ക്ക് താമസിക്കുമ്പോള്‍ വഴക്കിനിടെ താന്‍ നൗഷാദിനെ തലയ്ക്കടിച്ചുകൊന്നു എന്ന് അഫ്സാന പോലീസിനോട് പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച പരുത്തിപ്പാറയിലെ വീട് ഉള്‍പ്പെടുന്ന പ്രദേശത്ത് പോലീസ് പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ല. വ്യാഴാഴ്ച അഫ്സാനയുടെ അറസ്റ്റ് രേഖപ്പെടുത്തി.
തെളിവ് നശിപ്പിക്കല്‍, പോലീസിനെ കബളിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസിലാണ് നിലവില്‍ അറസ്റ്റ്. റിമാന്‍ഡിലുള്ള അഫ്സാനയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ ദുരൂഹത നീങ്ങുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.