റാലിയിലെ വിദ്വേഷ മുദ്ര്യാവാക്യം; മൂന്ന് യൂത്ത് ലീഗ് പ്രവർത്തകർ കൂടി അറസ്റ്റിൽ
Thursday, July 27, 2023 10:43 PM IST
കാസർഗോഡ്: കാഞ്ഞങ്ങാട്ട് മുസ്ലിം യൂത്ത് ലീഗ് നടത്തിയ മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ.
തെക്കേപ്പുറം നൗഷാദ് മൻസിൽ പി.എം.നൗഷാദ്(42), ആറങ്ങാടി സായ സമീർ(35), ആവി സ്വദേശിയായ 17 വയസുകാരൻ എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ബുധനാഴ്ച അഞ്ച് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു.
കല്ലുരാവി ചിറമ്മല്‍ ഹൗസ് ഹസൈനാരുടെ മകൻ അബ്ദുല്‍ സലാം(18), കല്ലുരാവി സ്വദേശി ഷാഫിയുടെ മകൻ ഷെരിഫ്(38), നിലേശ്വരം കാലിച്ചാനടുക്കം അൻവര്‍ മൻസിലില്‍ ഹമീദിന്റെ മകൻ ആഷീര്‍(25), ഇക്ബാല്‍ റോഡ് സ്വദേശി അയൂബ് പി.എച്ച്(45), പടന്നക്കാട് കാരക്കുണ്ട് ഷംല മൻസിൽ പി. മുഹമ്മദ്കുഞ്ഞി(55) എന്നിവരാണ് ബുധനാഴ്ച അറസ്റ്റിലായത്.
പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. മുദ്രാവാക്യം വിളിച്ച് നല്‍കിയത് അബ്ദുല്‍ സലാം ആണെന്നാണ് പോലീസ് അറിയിച്ചത്. ഇയാളെ സംഘടനയിൽ നിന്ന് പുറത്താക്കിയെന്ന് യൂത്ത് ലീഗ് വ്യക്തമാക്കിയിരുന്നു.
ചൊവ്വാഴ്ചയാണ് മണിപ്പുർ ജനതയ്ക്ക് ഐക്യദാർഢ്യം അർപ്പിക്കാനായി യൂത്ത് ലീഗ് കാഞ്ഞങ്ങാട്ട് റാലി സംഘടിപ്പിച്ചത്. മുദ്രാവാക്യങ്ങൾ വിവാദമായതോടെ, ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് പ്രശാന്ത് പോലീസിൽ പരാതി നൽകുകയായിരുന്നു.