ഫിലിപ്പീൻസിൽ അതിശക്തമായ കാറ്റ് വീശി ബോട്ട് മറിഞ്ഞ് 21 പേർ മരിച്ചു
Thursday, July 27, 2023 8:17 PM IST
മനില: ഫിലിപ്പീൻസിലെ മനിലയിൽ അതിശക്തമായ കാറ്റ് വീശി ലഗുന തടാകത്തിലൂടെ സഞ്ചരിക്കുകയായിരുന്ന ബോട്ട് മറിഞ്ഞ് 21 പേർ മരിച്ചു. തടാകത്തിൽ വീണ 40 പേരെ രക്ഷപ്പെടുത്തി.
റിസാൽ പ്രവിശ്യയിലെ ബിനാൻഗോണാൻ പട്ടണത്തിന് 46 മീറ്റർ അകലെവച്ചാണ് എംബിസിഎ പ്രിൻസസ് അയാ എന്ന ബോട്ട് മുങ്ങിത്താണത്. ശക്തമായ കാറ്റ് വീശിയപ്പോൾ ഭയന്ന യാത്രികർ ബോട്ടിന്റെ ഒരുവശത്തേക്ക് മാറിനിന്നപ്പോൾ ബോട്ട് ചെരിഞ്ഞ് വെള്ളത്തിലേക്ക് മറിയുകയായിരുന്നു.
അപകടം നടന്നയുടൻ മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തകരും കുതിച്ചെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ബോട്ടിൽ എത്ര യാത്രികരുണ്ടെന്ന് വ്യക്തമല്ലെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.