പി. ജയരാജൻ കൊലവിളി നടത്തുന്നുവെന്ന് ബിജെപി
Thursday, July 27, 2023 5:50 PM IST
തിരുവനന്തപുരം: സ്പീക്കർ എ.എൻ. ഷംസീറിന് നേരെ കൈയോങ്ങുന്ന യുവമോർച്ച പ്രവർത്തകരുടെ സ്ഥാനം മോര്‍ച്ചറിയിലെന്ന് പറഞ്ഞ സിപിഎം നേതാവ് പി. ജയരാജൻ കൊലവിളി നടത്തുകയാണെന്ന് ബിജെപി.
പരസ്യമായി കൊലവിളി നടത്തിയ ജയരാജനെതിരെ കേസെടുക്കണമെന്നും ഖാദി ബോർഡ് വൈസ് ചെയര്മാൻ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഇതിന് മുമ്പും പലരെയും മോർച്ചറിയിലേക്ക് അയച്ച നേതാവാണ് ജയരാജനെന്ന് സുരേന്ദ്രൻ ആരോപിച്ചു. കൊലക്കത്തി താഴെവെക്കാൻ സിപിഎം തയ്യാറല്ലെന്ന സന്ദേശമാണ് ജയരാജൻ മലയാളികൾക്ക് നൽകുന്നത്.
ജയരാജൻ വീണ്ടും നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണ്. സിബിഐ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ നെഞ്ചുവേദന അഭിനയിച്ച് ആശുപത്രിയിൽ അഡ്മിറ്റായ ജയരാജന്റെ ഭീഷണിക്ക് മുമ്പിൽ മുട്ടുമടക്കുന്നവരല്ല യുവമോർച്ചക്കാർ.
ഭരണത്തിന്റെ ഹുങ്കിൽ അക്രമ രാഷ്ട്രീയം അഴിച്ചുവിടാൻ ശ്രമിച്ചാൽ ബഹുജനങ്ങളെ സംഘടിപ്പിച്ച് പ്രതിരോധിക്കുമെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി.
നേരത്തെ, ഷംസീറിനെ ഒറ്റപ്പെടുത്തിക്കളയാമെന്നത് വ്യാമോഹം മാത്രമാണെന്നും ജയരാജന് പറഞ്ഞിരുന്നു. അദ്ദേഹത്തിന് എതിരെ വരുന്ന ഏതു നീക്കത്തെയും ജനം പ്രതിരോധിക്കുമെന്നും ജയരാജന് വ്യക്തമാക്കി.
മണിപ്പുര്‍ വിഷയത്തില്‍ നിയോജകമണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് എല്‍ഡിഎഫ് നടത്തുന്ന ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ഭീഷണി പ്രസ്താവന.
യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഗണേഷ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയ്ക്കുള്ള മറുപടിയായിട്ടായിരുന്നു ജയരാജന്റെ പരാമര്‍ശം. ഗണപതിയെ അപമാനിച്ചതില്‍ മാപ്പ് പറയാന്‍ തയാറായില്ലെങ്കില്‍ ഷംസീറിനെ തെരുവില്‍ നേരിടുമെന്നായിരുന്നു യുവമോര്‍ച്ച നേതാവിന്റെ മുന്നറിയിപ്പ്.
ജോസഫ് മാഷിന്റെ കൈ പോയതുപോലെ കൈ പോവില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിന്. എല്ലാ കാലത്തും ഹിന്ദു സമൂഹം അങ്ങനെ നിന്നുകൊള്ളുമെന്ന് കരുതരുതെന്നും ഗണേഷ് പറഞ്ഞിരുന്നു.