വിപണിക്കനുസരിച്ച് ഉൽപ്പന്നങ്ങൾ നിർമിക്കാനാവശ്യമായ സമീപനം വേണം: വ്യവസായ മന്ത്രി
Thursday, July 27, 2023 2:58 AM IST
തിരുവനന്തപുരം: അതിവേഗം മാറുന്ന വിപണിയുടെ ആവശ്യത്തിനനുസരിച്ച് ഉൽപ്പന്നങ്ങൾ നിർമിക്കാനാവശ്യമായ അയവേറിയ സമീപനം വേണമെന്ന് വ്യവസായമന്ത്രി പി. രാജീവ്. കയർ വികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കയർ മേഖലയിലെ ഡിസൈൻ ആൻഡ് പ്രൊജക്റ്റ് ഡെവലപ്മെന്റ് ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കയർ മേഖലയിൽ വൈവിധ്യവൽക്കരണവും ആധുനികവൽക്കരണവും വേണം എന്ന കാര്യത്തിൽ ആർക്കും ഇപ്പോൾ എതിരഭിപ്രായമില്ല. ഈ മേഖലയെക്കുറിച്ച് പഠിച്ച വിദഗ്ധസമിതിയുടെ ഇടക്കാല റിപ്പോർട്ട് സർക്കാറിന് ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായങ്ങൾ കൂടി പരിഗണിച്ചേ സർക്കാർ തീരുമാനം എടുക്കുകയുള്ളൂ.
നിലവിൽ സർക്കാർ നൽകുന്ന പണമുപയോഗിച്ചുള്ള സംഭരണമാണ് കയർ മേഖലയിൽ നടക്കുന്നത്. എന്നാൽ വിറ്റഴിക്കലിന്റെ ആവശ്യമനുസരിച്ച് മാത്രം മതി ഇനി സംഭരണം. ഉണ്ടാക്കുന്ന ഉല്പന്നങ്ങൾ മുഴുവൻ സംഭരിക്കാൻ സർക്കാറിന് കഴിയില്ല.
വിപണിക്ക് ആവശ്യമുള്ള ഉൽപ്പന്നങ്ങൾ നിർമിക്കേണ്ടതുണ്ട്. വിപണിയാകട്ടെ അനുദിനം മാറിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.