ഏക സിവിൽ കോഡ് നാടിനെ ഭിന്നിപ്പിക്കും: തമിഴ്നാട് മന്ത്രി മാ സുബ്രഹ്മണ്യൻ
Thursday, July 27, 2023 2:33 AM IST
കോഴിക്കോട്: വൈവിധ്യങ്ങൾ നിറഞ്ഞ നാടിനെ ഭിന്നിപ്പിക്കാൻ മാത്രമേ ഏക സിവിൽ കോഡ് ഉപകരിക്കൂ എന്നും നിയമങ്ങൾ ഏകീകരിക്കുന്നതിനു പകരം ജനങ്ങളെ ഒന്നിപ്പിക്കുകയാണ് വേണ്ടതെന്നും തമിഴ്നാട് മന്ത്രി മാ സുബ്രഹ്മണ്യൻ.
മുസ്ലിം കോഓഡിനേഷൻ കമ്മിറ്റിയുടെ "ഏക സിവിൽ കോഡ്: ധ്രുവീകരണ അജണ്ടയുടെ കാണാപ്പുറങ്ങൾ’ എന്ന ബഹുജന സെമിനാർ കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാനാ ജാതി മത വിഭാഗങ്ങളും അവയുടെ വ്യത്യസ്തമായ ആചാരങ്ങളും സംസ്കാരങ്ങളുമുള്ള നാടാണ് ഇന്ത്യ. ഇവിടെ ഒരു നാട്, ഒരു ഭാഷ, ഒരു നിയമം എന്നതരത്തിലുള്ള ഏകീകരണങ്ങൾ കൊണ്ടുവരുന്നത് അതിന്റെ വൈവിധ്യങ്ങളെയും പൈതൃകത്തെയും തകർക്കും.
ഇതിനെതിരെ എല്ലാ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ഒന്നിച്ച് അണിനിരക്കണം. ഏക സിവിൽ കോഡിനെതിരെയുള്ള എല്ലാ സമരങ്ങൾക്കും ഡിഎംകെയുടെയും തമിഴ്നാട് സർക്കാറിന്റെയും പിന്തുണയുണ്ടാവും. സിവിൽ കോഡ് കൊണ്ടുവരരുത് എന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും സുബ്രഹ്മണ്യൻ കൂട്ടിച്ചേർത്തു.