മണിപ്പുർ ഐക്യദാർഢ്യ റാലിയിൽ വിദ്വേഷ മുദ്ര്യാവാക്യം; അഞ്ച് യൂത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിൽ
Wednesday, July 26, 2023 10:12 PM IST
കാസർഗോഡ്: കാഞ്ഞങ്ങാട്ട് മുസ്ലിം യൂത്ത് ലീഗ് നടത്തിയ മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ.
കല്ലുരാവി ചിറമ്മല്‍ ഹൗസ് ഹസൈനാരുടെ മകൻ അബ്ദുല്‍ സലാം(18), കല്ലുരാവി സ്വദേശി ഷാഫിയുടെ മകൻ ഷെരിഫ്(38), നിലേശ്വരം കാലിച്ചാനടുക്കം അൻവര്‍ മൻസിലില്‍ ഹമീദിന്റെ മകൻ ആഷീര്‍(25), ഇക്ബാല്‍ റോഡ് സ്വദേശി അയൂബ് പി.എച്ച്(45), പടന്നക്കാട് കാരക്കുണ്ട് ഷംല മൻസിൽ പി. മുഹമ്മദ്കുഞ്ഞി(55) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. മുദ്രാവാക്യം വിളിച്ച് നല്‍കിയത് അബ്ദുല്‍ സലാം ആണെന്നാണ് പോലീസ് അറിയിച്ചത്. ഇയാളെ സംഘടനയിൽ നിന്ന് പുറത്താക്കിയെന്ന് യൂത്ത് ലീഗ് അറിയിച്ചു.
ലീഗിന്റെ ആശയങ്ങള്‍ക്ക് വിരുദ്ധമായ രീതിയിലും അച്ചടിച്ച് നല്‍കിയതില്‍നിന്ന് വ്യതിചലിച്ചും വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ മുദ്രാവാക്യം വിളിച്ചത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും അതിനാലാണ് നടപടിയെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് അറിയിച്ചു. സംഭവത്തിൽ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങൾ നേരത്തെ ഖേദം പ്രകടിപ്പിച്ചിരുന്നു.
ചൊവ്വാഴ്ചയാണ് മണിപ്പുർ ജനതയ്ക്ക് ഐക്യദാർഢ്യം അർപ്പിക്കാനായി യൂത്ത് ലീഗ് കാഞ്ഞങ്ങാട്ട് റാലി സംഘടിപ്പിച്ചത്. മുദ്രാവാക്യങ്ങൾ വിവാദമായതോടെ, ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് പ്രശാന്ത് പോലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ജില്ലയിലുടനീളം പോലീസ് കര്‍ശനമായ സുരക്ഷ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ വഴി വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ആളുകളെ കണ്ടെത്താന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി.
വര്‍ഗീയചുവയുള്ള മെസജുകള്‍ പ്രചരിപ്പിക്കുന്ന ആളുകള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കും. ഗ്രൂപ്പുകളില്‍ ഇത്തരം മെസജുകള്‍ പ്രചരിക്കുന്നത് കണ്ടാല്‍ ഗ്രൂപ്പ് അഡ്മിന്മാരെ പ്രതി ചേര്‍ക്കും. രാത്രികാലങ്ങളില്‍ കര്‍ശന വാഹനപരിശോധന ഉണ്ടാകുമെന്നും അനാവശ്യമായി കറങ്ങി നടക്കുന്നവരെ മുന്‍കരുതലായി അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.