എംഎല്‍എമാര്‍ കെഎസ്യു പ്രവര്‍ത്തകരെ മോചിപ്പിച്ച സംഭവം; രണ്ട് പോലീസുകാര്‍ക്ക് സസ്പെന്ഷന്
Wednesday, July 26, 2023 4:00 PM IST
കൊച്ചി: കസ്റ്റഡിയിലെടുത്ത് ലോക്കപ്പിലാക്കിയ കെഎസ്യു പ്രവര്‍ത്തകരെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ നേതൃത്വത്തില്‍ മോചിപ്പിച്ച സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് സസ്പെന്ഷന്.
കാലടി പോലീസ് സ്റ്റേഷനിലെ എസ്ഐ സതീഷ്, സിവില്‍ പോലീസ് ഓഫീസര്‍ ബേസില്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഇവരെ സസ്പെന്‍ഡ് ചെയ്തത്.
കാലടി ശ്രീ ശങ്കര കോളജിലെ വിദ്യാര്‍ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് കെഎസ്യു പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തത്. രാജീവ്, ഡിജോണ്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ഇവരെ ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍, അങ്കമാലി എംഎല്‍എ റോജി എം. ജോണ്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ15 അംഗ സംഘം ബലം പ്രയോഗിച്ച് ഇറക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത കെഎസ്യു പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചെന്നാരോപിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധവുമായി സ്റ്റേഷനിലെത്തിയത്.
സംഭവത്തില്‍ എംഎല്‍എമാര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. എംഎല്‍എമാരടക്കം 15 പേര്‍ക്കെതിരേ ഐപിസി 506 (ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തല്‍), ഐപിസി 353 (ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തല്‍) ഐപിസി 294 (അസഭ്യം പറയല്‍) വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.