കാര്യവട്ടത്ത് വീണ്ടും ആവേശപ്പോര്; ഓസീസ് പറന്നെത്തും
Tuesday, July 25, 2023 8:13 PM IST
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നു.
അഞ്ച് മത്സരങ്ങളടങ്ങിയ ഇന്ത്യ - ഓസ്ട്രേലിയ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരം നവംബർ 26-ന് കാര്യവട്ടത്ത് നടക്കുമെന്ന് ബിസിസിഐ അറിയിച്ചു. വൈകിട്ട് ഏഴിനാണ് മത്സരം ആരംഭിക്കുക. ഓസീസ് ആദ്യമായി കാര്യവട്ടം സ്റ്റേഡിയത്തിൽ പോരാട്ടത്തിനെത്തുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.
ഇന്ത്യ വേദിയാകുന്ന ഏകദിന ലോകകപ്പിന്റെ ഫൈനൽ മത്സരം പൂർത്തിയാക്കി ഒരാഴ്ചയ്ക്കുള്ളിലാണ് പോരാട്ടം അനന്തപുരിയിലേക്ക് എത്തുക. ഓസീസുമായുള്ള ഏകദിന പരമ്പര ലോകകപ്പിന് മുമ്പും ട്വന്റി-20 പരമ്പര ലോകകപ്പിന് ശേഷവുമായിരിക്കും നടക്കുകയെന്ന് ബിസിസിഐ അറിയിച്ചു.
സെപ്റ്റംബര്‍ 22(മൊഹാലി), സെപ്റ്റംബര്‍ 24(ഇന്‍ഡോര്‍), സെപ്റ്റംബര്‍ 27(രാജ്കോട്ട്) എന്നിവിടങ്ങളിലാണ് ഏകദിന പോരാട്ടങ്ങൾ. നവംബര്‍ 23 (വിശാഖപട്ടണം), നവംബര്‍ 26(തിരുവനന്തപുരം), നവംബര്‍ 28(ഗോഹട്ടി), ഡിസംബര്‍ 1(നാഗ്പുര്‍), ഡിസംബര്‍ 3(ഹൈദരാബാദ്) എന്നതാണ് ടി-20 പരമ്പരയുടെ മത്സരക്രമം.