തമിഴ്നാട്ടിലെ കോടതികളിൽ നിന്ന് അംബേദ്കർ ചിത്രം നീക്കം ചെയ്യേണ്ടതില്ലെന്ന് സർക്കാർ
Tuesday, July 25, 2023 7:14 PM IST
ചെന്നൈ: തമിഴ്നാട്ടിലെ കോടതികളിൽ നിന്ന് ഭരണഘടനാ ശിൽപിയും നിയമപണ്ഡിതനുമായ ഡോ.ബി.ആർ. അംബേദ്കറുടെ ചിത്രം നീക്കം ചെയ്യില്ലെന്ന് വ്യക്തമാക്കി സർക്കാർ. മഹാത്മാ ഗാന്ധി, തിരുവള്ളുവർ എന്നിവരുടേതൊഴികെ മറ്റെല്ലാ ചിത്രങ്ങളും കോടതികളിൽ നിന്നും നീക്കം ചെയ്യണമെന്ന് മദ്രാസ് ഹൈക്കോടതി രജിസ്ട്രാർ പുറത്തിറക്കിയ ഉത്തരവ് വിവാദമായതിന് പിന്നാലെയാണ് ഈ നടപടി.
തിങ്കളാഴ്ചയാണ് ഹൈക്കോടതി രജിസ്ട്രാർ സംസ്ഥാനത്തെ മറ്റ് കോടതികൾക്ക് നൽകിയ നിർദേശമെന്ന പേരിലുള്ള സർക്കുലർ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത്. അംബേദ്കറുടെ ചിത്രങ്ങൾ കോടതികളിൽ വ്യാപകമായി ഉപയോഗിക്കുന്നതിനാൽ ഇവ നീക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് ഈ ഉത്തരവെന്ന് വ്യാഖ്യാനം ഉയർന്നിരുന്നു.
സംഭവം വിവാദമായതോടെ, മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിർദേശപ്രകാരം നിയമവകുപ്പ് മന്ത്രി എസ്. രഘുപതി ഹൈക്കോടതി ചീഫ് ജസ്റ്റീസുമായി ചർച്ച നടത്തിയിരുന്നു. അംബേദ്കർ ചിത്രം കോടതികളിൽ നിന്ന് നീക്കരുതെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
തുടർന്നാണ് അംബേദ്കർ ചിത്രം പിൻവലിക്കേണ്ടതില്ലെന്നും ഇത്തരമൊരു ഉത്തരവ് നൽകിയിട്ടില്ലെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കിയത്.