താനൂർ ബോട്ട് ദുരന്തം; രണ്ട് ഉദ്യോഗസ്ഥർക്ക് ജാമ്യം
Monday, July 24, 2023 7:03 PM IST
കൊച്ചി: 22 പേരുടെ മരണത്തിനിടയാക്കിയ താനൂർ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ തുറമുഖ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
കേരള മാരിടൈം ബോർഡ് ചീഫ് സർവേയർ സെബാസ്റ്റ്യൻ ജോസഫ്, ബേപ്പുർ സീനിയർ പോർട്ട് കൺസർവേറ്റർ പ്രസാദ് വി.വി. എന്നിവർക്കാണ് ജസ്റ്റീസ് സിയാദ് റഹ്മാന്റെ ബെഞ്ച് ജാമ്യം അനുവദിച്ചത്. 40 ദിവസത്തെ ജയിൽവാസത്തിന് ശേഷം ഇവർക്ക് ജാമ്യം ലഭിക്കുന്നത്.
ബോട്ട് ദുരന്തത്തിന്റെ പ്രധാന കാരണം അനധികൃതമായി ബോട്ട് സർവീസ് നടത്തിയതാണെന്നും ഉദ്യോഗസ്ഥർ ഇതിനായി സുരക്ഷാച്ചട്ടങ്ങൾ അവഗണിച്ച് ബോട്ടുടമയ്ക്ക് അനുമതി നൽകിയെന്നാണ് ആരോപണമെന്നും കോടതി അറിയിച്ചു. എന്നാൽ ഇത് വ്യക്തമായി തെളിയിക്കേണ്ടത് പ്രോസിക്യൂഷന്റെ ഉത്തരവാദിത്വമാണെന്നും കോടതി വ്യക്തമാക്കി.