"ഉമ്മൻ ചാണ്ടിയെ മറക്കാൻ സാധിക്കില്ല': കബറിടം സന്ദർശിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി
സ്വന്തം ലേഖകൻ
Sunday, July 23, 2023 9:58 AM IST
കോട്ടയം: പുതുപ്പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഉമ്മൻ ചാണ്ടി ഓരോ മലയാളിയുടെയും പൊതുപ്രവർത്തകന്റെയും ഭാഗമായിരുന്നെന്നും പെട്ടെന്ന് പറിച്ചു മാറ്റാൻ സാധിക്കാത്ത ബന്ധമാണതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഉമ്മൻചാണ്ടിയുമായുള്ളത് കേവലം രാഷ്ട്രീയ ബന്ധമല്ല. അതിനപ്പുറം ഒരു ജീവിതമാണ്. കഴിഞ്ഞ 40 വർഷത്തെ ബന്ധമായതിനാൽ ഒരു സെക്കൻഡ് പോലും അദ്ദേഹത്തെ ഓർക്കാതിരിക്കാൻ തനിക്ക് സാധിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഞായറാഴ്ചയായ ഇന്നും പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയില്‍ നിരവധി പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തുന്നത്.