പ്രതിപക്ഷ പാർട്ടികളുടെ യോഗം കേരളത്തിൽ നടത്താമോ, സിപിഎമ്മിനെയും കോൺഗ്രസിനെയും വെല്ലുവിളിച്ച് ബിജെപി
Friday, July 21, 2023 5:33 PM IST
തിരുവനന്തപുരം: പ്രതിപക്ഷ പാർട്ടികളുടെ യോഗം കേരളത്തിൽ നടത്താൻ സിപിഎമ്മിനെയും കോൺഗ്രസിനെയും വെല്ലുവിളിച്ച് ബിജെപി. സിപിഎമ്മിനും കോൺഗ്രസിനും ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കാമോ എന്നും ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ് ചോദിച്ചു.
ബംഗളൂരു യോഗത്തിൽ ആത്മാർഥതയുണ്ടെങ്കിൽ കേരളത്തിൽ പൊതു സ്ഥാനാർഥിയെ നിർത്തണം. റെയിൽവേ പാസഞ്ചർ അമിനിറ്റി ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് കാലാവധി പൂർത്തിയാക്കിയ സാഹചര്യത്തിൽ വിളിച്ച വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ.
കേരളത്തിന് ഒരു വന്ദേ ഭാരത് എക്സ്പ്രസ് കൂടി അനുവദിക്കണമെന്ന ആവശ്യം കേന്ദ്ര റെയിൽവേ മന്ത്രിക്ക് മുന്നിൽ വച്ചിട്ടുണ്ടെന്നും പരിഗണിക്കാമെന്ന് കേന്ദ്ര സർക്കാരിൽ നിന്ന് ഉറപ്പ് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ ഐക്യ യോഗത്തിൽ പാറ്റ്നയിലും ബംഗളൂരുവിലും കേരളത്തിലെ ഇടത്-വലത് മുന്നണികളുടെ ഘടക കക്ഷികൾ പങ്കെടുത്തു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫും യുഡിഎഫും ഒരുമിച്ച് നിൽക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
കല്യാണം കഴിഞ്ഞാൽ പിന്നെ ഒളിച്ചു താമസിക്കുന്നത് എന്തിനാണെന്നും കൃഷ്ണദാസ് പരിഹസിച്ചു.