മണിപ്പുർ ചർച്ചയിൽനിന്നു പ്രതിപക്ഷം ഒളിച്ചോടുന്നുവെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ
Thursday, July 20, 2023 7:50 PM IST
ന്യൂഡൽഹി: മണിപ്പുർ ചർച്ചയിൽനിന്നു പ്രതിപക്ഷം ഒളിച്ചോടുന്നുവെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പ്രതിപക്ഷം രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂരിലെ സ്ഥിതിഗതികൾ സഭയിൽ ചർച്ച ചെയ്യാൻ സർക്കാർ തയാറാണ്. രാജസ്ഥാൻ പോലുള്ള മറ്റ് സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന സമാന കുറ്റകൃത്യങ്ങളും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.
കോണ്ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും രാജസ്ഥാനിലെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ചും സംസാരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നിർഭാഗ്യവശാൽ, പ്രതിപക്ഷം ഈ സംഭവത്തെ രാഷ്ട്രീയ കണ്ണിലൂടെ കാണുകയും അതിനെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഞങ്ങൾ സംവാദത്തിന് തയാറാണെന്ന് പറഞ്ഞെങ്കിലും പ്രതിപക്ഷം ചർച്ചയിൽ നിന്ന് ഒളിച്ചോടുകയാണ്.
സോണിയാ ഗാന്ധിയും പ്രതിപക്ഷവും മറ്റ് സംസ്ഥാനങ്ങളിലെ ഇത്തരം സംഭവങ്ങൾക്ക് മൂകസാക്ഷിയായി തുടരുമോ എന്നും അദ്ദേഹം ചോദിച്ചു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ എങ്ങനെ സംസ്ഥാനങ്ങൾക്കിടയിൽ വിവേചനം കാണിക്കാൻ കഴിയും.
സ്ത്രീകളെ ഒരു രാഷ്ട്രീയ ഉപകരണമായാണ് കോണ്ഗ്രസ് കാണുന്നത്. കോണ്ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലാണ് സ്ത്രീകൾക്കെതിരായ ഏറ്റവും കൂടുതൽ അതിക്രമങ്ങൾ നടക്കുന്നതെന്നും അനുരാഗ് സിംഗ് ഠാക്കൂർ കൂട്ടിച്ചേർത്തു.