എന്തിനാണ് ഇതൊരു അഭിമാനപ്രശ്നമാക്കുന്നത്..? ചീറ്റപ്പുലിയിൽ കേന്ദ്രത്തോട് സുപ്രീം കോടതി
വെബ് ഡെസ്ക്
Thursday, July 20, 2023 4:09 PM IST
ന്യൂഡൽഹി: മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ തുടർച്ചയായി ചീറ്റകൾ ചാകുന്നതിൽ ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി. ചീറ്റകളുടെ മരണം തടയാൻ അനുകൂലമായ നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, ജെബി പർദിവാല, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ചീറ്റപ്പുലികളുടെ മരണവുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കവെ നിരീക്ഷണം നടത്തിയത്.
കഴിഞ്ഞ ഒരുവർഷത്തിനിടെ ഇത്രയധികം ചീറ്റകൾ മരണപ്പെട്ടത് ആശങ്കാജനകമാണ്. വിഷയത്തെ കേന്ദ്ര സർക്കാർ അഭിമാനപ്രശ്നമായി കാണരുതെന്നും കോടതി വ്യക്തമാക്കി.
എന്തിനാണ് ചീറ്റകളെ ഒരിടത്തുതന്നെ നിർത്തുന്നത്. കുറച്ച് എണ്ണത്തിനെ രാജസ്ഥാനിലെ ജവായ് നാഷണൽ പാർക്കിലേക്ക് മാറ്റാൻ സാധിക്കില്ലേയെന്നും കോടതി ചോദിച്ചു.
അതേസമയം, ചീറ്റകളുടെ സ്ഥലംമാറ്റത്തിൽ 50 ശതമാനം മരണങ്ങളും സാധാരണമാണെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ചീറ്റകളെ കൊണ്ടുവന്ന പദ്ധതി വിജയമാക്കാൻ തങ്ങൾ പരമാവധി പരിശ്രമിക്കുന്നുണ്ടെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി പറഞ്ഞു.