ശരദ് പവാറിനെ വീണ്ടും കണ്ട് അജിത് പവാർ
Monday, July 17, 2023 6:43 PM IST
മുംബൈ: എൻസിപിയെ പിളർത്തി എൻഡിഎ സർക്കാരിൽ ചേർന്ന അജിത് പവാറിന്റെ നേതൃത്വത്തിലുള്ള നേതാക്കൾ എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി വീണ്ടും കൂടിക്കാഴ്ച നടത്തി. 24 മണിക്കൂറിനിടെ ഇതു രണ്ടാം തവണയാണ് അജിത് – ശരദ് പവാർ കൂട്ടിക്കാഴ്ച.
തിങ്കളാഴ്ച നിയമസഭാ സമ്മേളനത്തിനുശേഷമാണു വിമതനേതാക്കൾ ശരദ് പവാറിനെ കണ്ടത്. അദ്ദേഹം ക്ഷമയോടെ തങ്ങൾ പറയുന്നത് കേട്ടെങ്കിലും മറുപടി നൽകിയില്ലെന്നും വിമതനേതാവായ പ്രഫുൽ പട്ടേൽ പറഞ്ഞു.
ഞായറാഴ്ച ദക്ഷിണ മുംബൈയിലെ വൈ.ബി. ചവാൻ സെന്ററിലാണ് അജിത് പവാർ അണികളോടൊപ്പം ശരദ് പവാറിനെ കണ്ടത്. ഗുരുനാഥനെ സന്ദർശിച്ച് അനുഗ്രഹം തേടിയ തങ്ങൾ പാർട്ടി ഒറ്റക്കെട്ടായി നിൽക്കണമെന്ന് അഭ്യർഥിച്ചെങ്കിലും ശരത് പവാർ പ്രതികരിച്ചില്ലെന്ന് പ്രഫുൽ പട്ടേൽ പറഞ്ഞിരുന്നു.