മധ്യപ്രദേശിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു
Monday, July 17, 2023 11:12 AM IST
ഭോപ്പാൽ: മധ്യപ്രദേശിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. സാഗർ ജില്ലയിലെ സുന്ദയിലുള്ള സനോധ പോലീസ് സ്റ്റേഷൻ പരിധിയിലെ സനോധ ജടാശങ്കർ വാലിക്ക് സമീപമാണ് അപകടം നടന്നത്.
അപകടസമയത്ത് കാറിൽ ഏഴുപേരാണ് ഉണ്ടായിരുന്നത്. ഇവരിൽ നാല് പേർ സംഭവസ്ഥലത്ത് വച്ചും മറ്റ് രണ്ട് പേർ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. പരിക്കേറ്റവരിൽ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും എസ്പി അഭിഷേക് തിവാരി പറഞ്ഞു.
ട്രക്ക് ഡ്രൈവറെ തിരിച്ചറിഞ്ഞുവെന്നും ഇയാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാർ സാഗറിൽ നിന്ന് ഗധാകോട്ടയിലേക്ക് പോകുകയായിരുന്നു. ട്രക്ക് ഗധാകോട്ടയിൽ നിന്ന് സാഗറിലേക്ക് വരികയായിരുന്നു. കാറിൽ ഇടിച്ചതിന് ശേഷം സമീപത്തുള്ള മരത്തിലിടിച്ചാണ് ട്രക്ക് നിന്നത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
സബ് ഡിവിഷണൽ പോലീസ് ഓഫീസർ അശോക് ചൗരസ്യ മക്രോണിയ, ചീഫ് പോലീസ് സൂപ്രണ്ട് ശേഖർ ദുബെ, പോലീസ് സ്റ്റേഷൻ ഇൻചാർജ് അജയ് ഷാക്യ ബഹേരിയ, ദിവ്യ പ്രകാശ് ത്രിപാഠി എന്നിവർ അപകട സ്ഥലത്തെത്തിയിരുന്നു.