മാറ്റത്തിനായി യുണൈറ്റഡ്; മഗ്വയറിന്റെ നായകസ്ഥാനം തെറിച്ചു
Monday, July 17, 2023 1:58 AM IST
ലണ്ടൻ: ഇംഗ്ലിഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നായകസ്ഥാനം ഹാരി മഗ്വയറിന് നഷ്ടമായി.
മാനേജർ എറിക് ടെൻ ഹാഗിന്റെ പുതിയ നയങ്ങൾക്കനുസരിച്ച് ടീമിനെ മുന്നോട്ട് കൊണ്ടുപോകാനാണ് ഈ നീക്കം. മഗ്വയർ യുണൈറ്റഡ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് പദവിനഷ്ട വാർത്ത പുറത്തുവന്നത്.
മാനേജ്മെന്റുമായുള്ള ചർച്ചയിൽ നായകസ്ഥാനത്ത് നിന്ന് തന്നെ നീക്കാൻ ധാരണയായെന്നും വ്യക്തിപരമായി ഈ തീരുമാനത്തിൽ നിരാശയുണ്ടെന്നും മഗ്വയർ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു. നായകനായിരിക്കെ തന്നെ സഹായിച്ച ആരാധകർക്കും ടീമിനും നന്ദിയർപ്പിക്കുന്നതായും താരം വ്യക്തമാക്കി.
സ്ഥിരം നായകനായിട്ടും കഴിഞ്ഞ സീസണിൽ വളരെക്കുറച്ച് മത്സരങ്ങളിൽ മാത്രമാണ് മഗ്വയർ ആദ്യ ഇലവനിൽ ഉണ്ടായിരുന്നത്. പോർച്ചുഗൽ താരമായ ബ്രൂണോ ഫെർണാണ്ടസ് ആണ് മഗ്വയറിന് പകരമായി ടീമിനെ നയിച്ചിരുന്നത്. ഫെർണാണ്ടസിനെ സ്ഥിരം നായകനാക്കാനാണ് ടീമിന്റെ നീക്കമെന്നാണ് സൂചന.
2019-ൽ ഒലെ ഗണ്ണർ സോൽഷ്യയറുടെ കാലത്താണ് മഗ്വയറിനെത്തേടി നായകസ്ഥാനം എത്തിയത്.