നിർജലീകരണം; ബെഞ്ചമിൻ നെതന്യാഹു ആശുപത്രിയിൽ
Sunday, July 16, 2023 11:22 AM IST
ടെൽ അവീവ്: നിർജലീകരണത്തെത്തുടർന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നെതന്യാഹുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം ഒരു ദിവസത്തിനുള്ളിൽ ആശുപത്രി വിടുമെന്നും ഡോക്ടർമാർ അറിയിച്ചു. ശനിയാഴ്ച രാത്രിയാണ് നെതന്യാഹുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വടക്കൻ ഇസ്രയേലിലുള്ള ഗലീലി കടൽതീരത്തെ കടുത്ത വെയിലേറ്റതാണെന്ന് ശാരീരിക അസ്വസ്ഥതയ്ക്ക് കാരണമെന്നും താൻ ഇപ്പോൾ ആരോഗ്യവാനാണെന്നും നെതന്യാഹു വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
കടുത്ത ഉഷ്ണതരംഗം അനുഭവപ്പെടുന്നതിനിടെ, തൊപ്പി വയ്ക്കാതെയും വെള്ളം കുടിക്കാതെയും കടൽതീരത്ത് കൂടി നടന്നത് മണ്ടത്തരമായിരുന്നുവെന്നും നെതന്യാഹു പറഞ്ഞു.