ഖജനാവിൽ പവർ വരും; അജിത് പവാറിന് ധനകാര്യ വകുപ്പ്
Friday, July 14, 2023 9:47 PM IST
മുംബൈ: കലാപക്കൊടി ഉയർത്തി ബിജെപി പാളയത്തിലേക്ക് കൂടുമാറിയ എൻസിപി നേതാവ് അജിത് പവാറിന് ധനകാര്യ മന്ത്രിസ്ഥാനം നൽകി എൻഡിഎ സർക്കാർ.
ഉപമുഖ്യമന്ത്രി പദത്തിനൊപ്പം സുപ്രധാന വകുപ്പുകൾ വേണമെന്ന് പവാർ നേരത്തെതന്നെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അംഗീകരിച്ചാണ് ഇന്ന് ചേർന്ന് മുന്നണിയോഗം കാബിനറ്റ് പുനസംഘടന പ്രഖ്യാപിച്ചത്. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് ആണ് ധനവകുപ്പ് നേരത്തെ കൈകാര്യം ചെയ്തിരുന്നത്.
ധനവകുപ്പിനൊപ്പം പ്ലാനിംഗ് വകുപ്പിന്റെ ചുമതല കൂടി പവാറിന് മുന്നണി നൽകിയിട്ടുണ്ട്. പവാറിന്റെ വിശ്വസ്തനായ ഛാഗൻ ബുജ്ബലിന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ലഭിച്ചു. ധനഞ്ജയ് മുണ്ടേ, ദിലീപ് വൽസെ പാട്ടീൽ, ഹസൻ മുസ്റിഫ് എന്നിവർക്ക് യഥാക്രമം കൃഷി, സഹകരണം, ആരോഗ്യവിദ്യാഭ്യാസ വകുപ്പുകളുടെ ചുമതലയും മുന്നണി നൽകിയിട്ടുണ്ട്.
അജിത് പവാറിന്റെ ഒപ്പമുള്ള എൻസിപി പക്ഷത്തിന്റെ സംസ്ഥാന പ്രസിഡന്റായ സുനിൽ താത്കറെയുടെ മകൾ അദിതി താത്കറെ വനിതാ ശിശുക്ഷേമ വകുപ്പിന്റെ ചുമതല ഏറ്റെടുത്ത് കാബിനറ്റിലെ ഏക സ്ത്രീ സാന്നിധ്യമാകും.