ഏകവ്യക്തി നിയമം: സിപിഎം ഒറ്റപ്പെട്ടുവെന്ന് കെ. സുധാകരൻ
Thursday, July 13, 2023 9:58 PM IST
തിരുവനന്തപുരം: ഏകവ്യക്തി നിയമത്തിന്റെ പേരിൽ യുഡിഎഫിൽ വിള്ളലുണ്ടാക്കാൻ ശ്രമിച്ച സിപിഎം ഏകപക്ഷീയ നിലപാടുമൂലം എൽഡിഎഫിലും, വിഷയത്തെ വർഗീയവത്കരിക്കാൻ ശ്രമിച്ചതിന് കേരളീയ പൊതുസമൂഹത്തിലും ഒറ്റപ്പെട്ടെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ.
മുന്നണിയിലെ രണ്ടാമത്തെ പ്രധാന പാർട്ടിയെപ്പോലും ബോധ്യപ്പെടുത്താനാകാത്ത സിപിഎം ഏകവ്യക്തി നിയമത്തിൽ ഒന്നിനു പിറകേ ഒന്നായി തിരിച്ചടികൾ നേരിടുന്നു. പ്രമുഖരായ നിരവധി വ്യക്തികളും സാമൂഹിക സംഘടനകളും സിപിഎം സെമിനാറിൽ പങ്കെടുക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.
മുസ്ലിം ലീഗിനെ പിടിക്കാൻ പോയവർക്ക് ഉത്തരത്തിലിരുന്നത് കിട്ടിയുമില്ല, കക്ഷത്തിലിരുന്നതു പോകുകയും ചെയ്തു. ഐക്യജനാധിപത്യമുന്നണിയിൽ വിള്ളലുണ്ടാക്കാൻ ശ്രമിച്ച സിപിഎം, ഇടതുമുന്നണിയെ പൊട്ടിത്തറിയുടെ വക്കിലാണ് എത്തിച്ചിരിക്കുന്നതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.