ഡൽഹിയിൽ ജലനിരപ്പ് ഉയരുന്നു; ജനങ്ങളോട് മാറിത്താമസിക്കാൻ നിർദേശിച്ച് സർക്കാർ
Wednesday, July 12, 2023 10:43 PM IST
ന്യൂഡൽഹി: യമുനാ നദിയിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നതിനെത്തുടർന്ന് ഡൽഹി നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ജലാശയങ്ങളോട് ചേർന്നുള്ള താഴ്ന്ന പ്രദേശങ്ങളിൽ വസിക്കുന്നവരോട് സുരക്ഷിത ഇടങ്ങളിലേക്ക് മാറാനായി സർക്കാർ നിർദേശം നൽകി.
യമുനാ നദിയിലെ ജലനിരപ്പ് എക്കാലത്തെയും ഉയർന്ന നിലയായ 207.71 മീറ്ററിലേക്ക് എത്തിയെന്നും അതിനാൽ കേന്ദ്ര സർക്കാരിനോട് സഹായം അഭ്യർഥിച്ചെന്നും മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ വ്യക്തമാക്കി.
രണ്ട് ദിവസമായി മഴ പെയ്യുന്നില്ലെങ്കിലും ഹരിയാനയിലെ ഹാത്നികുണ്ഡ് തടയണയിൽ നിന്ന് വെള്ളം ഒഴുകിവരുന്നത് മൂലം സംസ്ഥാനത്ത് വെള്ളക്കെട്ട് ഉണ്ടാകുന്നതായി കേന്ദ്രത്തെ ബോധിപ്പിച്ചെന്നും കേജരിവാൾ അറിയിച്ചു.
തടയണയിൽ നിന്ന് വെള്ളം ഒഴുക്കുന്നത് നിയന്ത്രിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡൽഹിയിലെ വിവിധ മേഖലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ അങ്ങോട്ട് മാറണമെന്ന് അഭ്യർഥിക്കുന്നു.
ജി 20 ഉച്ചകോടി നടക്കാനിരിക്കുന്നതിനിടെ രാജ്യതലസ്ഥാനത്ത് ഇത്തരമൊരു സാഹചര്യം ഉണ്ടാകുന്നത് ഉചിതമല്ലെന്നും കേജരിവാൾ കൂട്ടിച്ചേർത്തു.