"ഒരു തുള്ളി ചോര'യിൽ നിന്നും തെറോനോസ് അത്ഭുതം പടച്ച വ്യാജ സംരഭകയ്ക്ക് ശിക്ഷായിളവ്
വെബ് ഡെസ്ക്
Tuesday, July 11, 2023 10:47 PM IST
ടെക്സസ്: ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അമേരിക്കയെ പിടിച്ചുകുലുക്കിയ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി എലിസബത്ത് ഹോംസിന് ശിക്ഷായിളവ് വിധിച്ച് ജയിൽ വകുപ്പ്.
11 വർഷത്തെ തടവുശിക്ഷ അനുഭവിക്കാനായി ടെക്സസിലെ ബ്രയൻ ഫെഡറൽ വനിതാ ജയിലിൽ കഴിയുന്ന ഹോംസിന്റെ ശിക്ഷയിൽ രണ്ട് വർഷം വെട്ടിക്കുറച്ചതായി അധികൃതർ അറിയിച്ചു. ഇതോടെ ഹോംസ് 2034 ഏപ്രിൽ ഒന്നിന് ജയിൽമോചിതയാകുന്ന രീതിയിൽ ശിക്ഷാകാലാവധി പരിഷ്കരിച്ചു.
ജയിൽ വകുപ്പിന്റെ വെബ്സൈറ്റിലൂടെയാണ് ഹോംസിന്റെ ശിക്ഷായിളവ് സംബന്ധിച്ച വിവരം പുറത്തുവന്നത്. എന്നാൽ എന്ത് കാരണത്താലാണ് ശിക്ഷായിളവ് അനുവദിച്ചതെന്ന് വ്യക്തമല്ല.
അമേരിക്കൻ നിയമപ്രകാരം നല്ലനടപ്പ്, ജോലികളിലെ കൃത്യത, പുനരധിവാസ പ്രക്രിയയിലെ സജീവ പങ്കാളിത്തം എന്നീ കാരണങ്ങൾ ഒരു കുറ്റവാളിയുടെ ജയിൽശിക്ഷയിൽ പരമാവധി 15 ശതമാനം വെട്ടിക്കുറയ്ക്കാമെന്നാണ് യുഎസ് നിയമം.
തെറോനോസ് എന്ന വ്യാജ ആരോഗ്യ ഗവേഷണ കമ്പനിയിലൂടെ കോടിക്കണക്കിന് ഡോളർ തട്ടിയെടുത്ത ഹോംസ് ഒരു കാലത്ത് "ലേഡി സ്റ്റീവ് ജോബ്സ്' എന്നാണ് അറിയപ്പെട്ടിരുന്നത്.
2003-ൽ സ്റ്റാൻഫഡ് സർവകലാശാലയിൽ നിന്ന് പഠനം ഉപേക്ഷിച്ച് പുറത്തിറങ്ങിയ ഹോംസ് തെറാനോസിലൂടെ ആരോഗ്യ ബിസിനസ് രംഗത്തേക്ക് ചുവടുവയ്ക്കുകയായിരുന്നു.
വെറും ഒരു തുള്ളി രക്തത്തിൽ നിന്ന് ഒട്ടേറെ ആരോഗ്യപരിശോധനകൾ കൃത്യമായി നടത്താനാകുന്ന സാങ്കേതികവിദ്യ തെറാനോസ് വികസിപ്പിച്ചതായി ഹോംസ് അവകാശപ്പെട്ടിരുന്നു.
വിവിധ പരിശോധനകൾക്കായി ഒരു രോഗിയുടെ ശരീരത്തിൽ നിന്നും ഏറെ രക്തം എടുക്കുന്നത് ഒഴിവാക്കുന്ന ഈ വിദ്യയെ ലോകമെമ്പാടുമുള്ളവർ പ്രകീർത്തിച്ചു. ചരിത്രം മാറ്റിമറിക്കുന്ന തെറാനോസ് കമ്പനിയിലേക്ക് നിക്ഷേപം ഒഴുകി.
ആകർഷകമായ പെരുമാറ്റവും സൗന്ദര്യവും കൊണ്ട് ഹോംസ് പൊതുജനത്തെയും ശാസ്ത്രലോകത്തെയും ഏറെ നാൾ കബളിപ്പിച്ചു. ടിവി ചാനലുകളിലും മാധ്യമങ്ങളിലും ഹോംസ് മാലാഖയായി വാഴ്ത്തപ്പെട്ടു.
ഒടുവിൽ ഹോംസിന്റെ അവകാശവാദങ്ങൾ തെറ്റാണെന്നും ഒരു തുള്ളി രക്തത്തിൽ നിന്ന് ഒട്ടേറെ പരിശോധനകൾ നടത്താമെന്ന അവകാശവാദം പൊള്ളയാണെന്നും 2018-ൽ തെളിഞ്ഞു. തുടർന്ന് ഹോംസിനെതിരെ കേസുകൾ കുന്നുകൂടി. ഒടുവിൽ 2022-ലാണ് അവർ ജയിലിലായത്.
ഒമ്പത് ബില്യൺ ഡോളറിന്റെ മൂല്യമുണ്ടായിരുന്ന തെറോനോസ് കമ്പനി വഴി തട്ടിയെടുത്ത 452 മില്യൺ ഡോളർ നിക്ഷേപകർക്ക് തിരികെ നൽകണമെന്നും കോടതി ഹോംസിനോട് നിർദേശിച്ചിരുന്നു. ജയിൽമോചിതയായാലും ഹോംസ് മൂന്ന് വർഷം പോലീസ് നിരീക്ഷണത്തിൽ തുടരും.