ഐക്യം ഉറപ്പിക്കാൻ സോണിയ; പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കും
Monday, July 10, 2023 10:58 PM IST
ന്യൂഡൽഹി: ബിജെപിക്കെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ അണിനിരക്കുന്ന സംയുക്ത സഖ്യത്തിന് കരുത്ത് പകരാൻ സോണിയ ഗാന്ധി എത്തുന്നു.
അനാരോഗ്യം മൂലം കോൺഗ്രസ് സംഘടനാചുമതലകളിൽ നിന്നൊഴിഞ്ഞ് നിൽക്കുന്ന സോണിയ വളരെ കുറച്ച് പൊതുവേദികളിൽ മാത്രമാണ് ഇപ്പോൾ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ജൂലൈ 17,18 തീയതികളിൽ ബംഗളൂരുവിൽ വച്ച് നടക്കുന്ന രണ്ടാംഘട്ട സഖ്യയോഗത്തിൽ സോണിയ പങ്കെടുക്കുമെന്ന് കർണാടക പിസിസി പ്രസിഡന്റും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ അറിയിച്ചു.
യോഗത്തിൽ സോണിയ പങ്കെടുക്കുമെന്നാണ് താൻ കരുതുന്നതെന്നും ഇക്കാര്യം സോണിയയോട് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശിവകുമാർ പറഞ്ഞു.
ജൂൺ അവസാനവാരം ബിഹാറിൽ നടന്ന പ്രതിപക്ഷയോഗത്തിന്റെ രണ്ടാം ഘട്ടമാണ് ബംഗളൂരുവിൽ നടക്കുക. എൻസിപിയിലെ പിളർപ്പ് അടക്കമുള്ള വിഷയങ്ങൾ പ്രതിപക്ഷത്തെ തളർത്തിയെന്ന പൊതുവികാരം ഉയർന്നതിലാണ് സോണിയയെ രംഗത്തിറക്കി സഖ്യം ബലപ്പെടുത്താൻ കോൺഗ്രസ് ശ്രമിക്കുന്നത്.