മണാലിയിൽ കുടുങ്ങിയ ഹൗസ് സർജൻമാർ സുരക്ഷിതർ: ആരോഗ്യമന്ത്രി
Monday, July 10, 2023 6:36 PM IST
തിരുവനന്തപുരം: മണാലിയിൽ കുടുങ്ങിയ ഹൗസ് സർജൻമാർ സുരക്ഷിതരെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മണാലിയിലുള്ള വനിതാ ഹൗസ് സർജൻമാരുമായി ആശയ വിനിമയം നടത്തിയെന്നും മന്ത്രി പറഞ്ഞു.
ഹിമാചൽ പ്രദേശ് ഡിജിപിയുമായും മന്ത്രി ആശയവിനിമയം നടത്തി. എറണാകുളം മെഡിക്കൽ കോളജിൽ നിന്നും ഹൗസ് സർജൻസി പൂർത്തിയാക്കിയ 27 പേരും തൃശൂർ മെഡിക്കൽ കോളജിൽ നിന്നും ഹൗസ് സർജൻസി പൂർത്തിയാക്കിയ 18 പേരുമാണ് ടൂറിന് പോയത്. ഇവരെല്ലാവരും സുരക്ഷിതരാണ്.
മിന്നൽ പ്രളയവും മണ്ണിടിച്ചിലിനെയും തുടർന്നാണ് ഇവർ മണാലിയിൽ കുടുങ്ങിയത്. വിദ്യാർഥികൾ അടക്കം അമ്പതിലേറെ പേരാണ് വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്.
മിന്നൽ പ്രളയവും മണ്ണിടിച്ചിലും ഹിമാചലിലെ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. നിരവധി വാഹനങ്ങളും കടകളും ഒലിച്ചുപോയി. പ്രളയജലത്തിൽ ഒലിച്ചുപോകുന്ന വീടിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.