നിലവാരം കുറഞ്ഞ ഡയലോഗുകൾ; മാപ്പ് പറഞ്ഞ് "ആദിപുരുഷ്' തിരക്കഥാകൃത്ത്
Sunday, July 9, 2023 6:59 AM IST
മുംബൈ: പുരാണ കഥാപാത്രങ്ങളായ ശ്രീരാമൻ, ഹനുമാൻ, രാവണൻ എന്നിവർ നിലവാരം കുറഞ്ഞ സംഭാഷണങ്ങൾ പറയുന്ന സീനുകൾ ഉൾപ്പെടുത്തിയതിൽ ക്ഷമ ചോദിച്ച് ബിഗ് ബജറ്റ് ചിത്രം "ആദിപുരുഷി'ന്റെ തിരക്കഥാകൃത്ത് മനോജ് മുന്ദഷിർ ശുക്ല.
മതവികാരത്തെ വ്രണപ്പെടുത്തിയ നടപടിയിലും ജനങ്ങളെ വിഷമിപ്പിച്ച സംഭവത്തിൽ അഗാധമായി ഖേദം പ്രകടിപ്പിക്കുന്നതായി ശുക്ല അറിയിച്ചു.
കൂപ്പുകൈകളോടെ മാപ്പ് ചോദിക്കുന്നതായും ബജ്റംഗ് ബലിയുടെ അനുഗ്രഹത്താൽ സനാതന ധർമ സംരക്ഷണത്തിന് നാമെല്ലാം ഒന്നിച്ച് നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ശുക്ല കൂട്ടിച്ചേർത്തു.
മോശം നിലവാരം പുലർത്തിയ ചിത്രത്തെ ബോക്സ്ഓഫീസിൽ പ്രേക്ഷകർ നിഷ്കരുണം കൈവിട്ടിരുന്നു. ചിത്രത്തിന്റെ മോശം തിരക്കഥയെയും സംഭാഷണങ്ങളെയും വിമർശിച്ച് ഹിന്ദുത്വ സംഘടനകളും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശുക്ലയുടെ മാപ്പപേക്ഷ.
ചിത്രത്തിലെ ഒരു സീനിൽ, രാവണപുത്രനായ മേഘനാഥനോട് ഹനുമാൻ തെറി പറയുന്ന സംഭാഷണം ഏറെ വിവാദമായിരുന്നു.
പ്രേക്ഷകർക്ക് മനസിലാകാനായി താൻ സംഭാഷണം ലഘൂകരിച്ചതാണെന്ന് ശുക്ല ആദ്യം അവകാശപ്പെട്ടിരുന്നുവെങ്കിലും ഈ സീൻ പിന്നീട് ചിത്രത്തിൽ നിന്ന് നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മാപ്പ് പറച്ചിലുമായി തിരക്കഥാകൃത്ത് നേരിട്ടെത്തിയത്.