സുഡാനിൽ വ്യോമാക്രമണം; 21 പേർ മരിച്ചു
Sunday, July 9, 2023 11:02 AM IST
ഖാർത്തും: സൈന്യവും അർധസൈനിക വിഭാഗമായ ആർഎസ്എഫും തമ്മിൽ ആഭ്യന്തര സംഘർഷം നിലനിൽക്കുന്ന സുഡാനിൽ ശനിയാഴ്ച നടന്ന വ്യോമാക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.
തലസ്ഥാനമായ ഖാർത്തുമിന് സമീപത്തുള്ള ഒംദുർമാൻ നഗരത്തിലെ പാർപ്പിട മേഖലയിലാണ് വ്യോമാക്രമണം നടന്നത്. വിമാനങ്ങളിൽ നിന്ന് വർഷിച്ച ബോംബുകളുടെ ആഘാതമേറ്റ് നിരവധി കെട്ടിടങ്ങൾ തകർന്നു.
ആക്രമണം നടത്തിയത് സൈന്യമാണെന്നും 31 സാധാരണ പൗരന്മാർ കൊല്ലപ്പെട്ടെന്നും ആർഎസ്എഫ് ആരോപിച്ചു.
പ്രദേശത്തെ വീടുകളിൽ ഒളിച്ചിരുന്ന ആർഎസ്എഫ് പടയാളികളെ ലക്ഷ്യം വച്ച് സൈന്യം നടത്തിയ ആക്രമണത്തിനിടെ ഡ്രോണുകൾ ഉപയോഗിച്ച് ആർഎസ്എഫ് നടത്തിയ പ്രത്യാക്രമണമാണ് നാശം വിതച്ചതെന്നും ആരോപണമുണ്ട്.
എന്നാൽ ഏത് വിഭാഗമാണ് ആക്രമണം നടത്തിയതെന്ന് സ്ഥിരീകരണം ലഭ്യമല്ല. ആർഎസ്എഫ് പടയാളികളുടെ പ്രധാന താവളമായ ദാഫുർ പട്ടണത്തിന് സമീപത്തുള്ള പ്രദേശമാണ് ഒംദുർമാൻ.