ഡി ഹിയ യുണൈറ്റഡ് വിടുന്നു
Sunday, July 9, 2023 12:42 AM IST
ലണ്ടൻ: ഇംഗ്ലിഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള ബന്ധം ഉപേക്ഷിച്ച് ഗോൾകീപ്പർ ഡേവിഡ് ഡി ഹിയ.
ഈ സീസൺ അവസാനത്തോടെ കരാർ കാലാവധി അവസാനിച്ച ഡി ഹിയ യുണൈറ്റഡിൽ തന്നെ തുടരുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കരാർ പുതുക്കുന്നില്ലെന്ന് താരം വ്യക്തമാക്കി. ഏത് ക്ലബിലേക്കാണ് കൂടുമാറുന്നതെന്ന് താരം വ്യക്തമാക്കിയിട്ടില്ല.
സ്പാനിഷ് താരമായ ഡി ഹിയ 2011-ലാണ് യുണൈറ്റഡിൽ എത്തിയത്. 545 മത്സരങ്ങളിൽ റെഡ് ഡെവിൾസ് ജേഴ്സി അണിഞ്ഞ ഡി ഹിയ, യുണൈറ്റഡിനായി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച ബ്രിട്ടീഷ് ഇതര താരം എന്ന റിക്കാർഡിന് ഉടമയാണ്.
പ്രീമിയർ ലീഗ്, യൂറോപ്പ ലീഗ്, എഫ്എ കപ്പ്, ലീഗ് കപ്പ് എന്നീ നേട്ടങ്ങൾ യുണൈറ്റഡിനൊപ്പം സ്വന്തമാക്കിയിട്ടുള്ള ഡി ഹിയ പ്രീമിയർ ലീഗിലെ മികച്ച ഗോളിക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം 2022-2023 സീസണിലുൾപ്പെടെ രണ്ട് തവണ നേടിയിട്ടുണ്ട്.
ഡി ഹിയയുടെ അഭാവത്തിൽ ഇന്റർ മിലാൻ ഗോളി ആന്ദ്രേ ഒനാന യുണൈറ്റഡിന്റെ പുതിയ കാവൽഭടനാകുമെന്നാണ് സൂചന.