മണിപ്പുർ: പ്രധാനമന്ത്രി മൗനം വെടിയണമെന്ന് ക്ലീമിസ് കാതോലിക്കബാവ
Saturday, July 8, 2023 9:27 PM IST
മൂവാറ്റുപുഴ: മണിപ്പുര്‍ കലാപത്തിലൂടെ ക്രിസ്തുമതത്തെ ഇല്ലാതാക്കാമെന്നത് വ്യാമോഹമാണെന്ന് കെസിബിസി പ്രസിഡന്റും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ. മണിപ്പുര്‍ കലാപത്തില്‍ പ്രധാനമന്ത്രി തുടരുന്ന മൗനത്തില്‍ പ്രതിഷേധിച്ച് മൂവാറ്റുപുഴയില്‍ മാത്യു കുഴല്നാടന് എംഎല്‍എ നടത്തുന്ന മിണ്ടാതെ ഉരിയാടാതെ ഉപവാസ സമരത്തിന്റെ ഭാഗമായുള്ള മതേതര സംഗമത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി വിഷയത്തില്‍ മൗനം വെടിയണം. ഹിന്ദുക്കള്‍ മുസ്ലിംകള്ക്കും ക്രിസ്ത്യാനികള്‍ക്കും എതിരല്ല. ഹിന്ദുധര്‍മം അത് അനുശാസിക്കുന്നുമില്ല. ഇല്ലാത്ത സമുദായധ്രുവീകരണം സൃഷ്ടിച്ച് ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന ഈ സംവിധാനത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ കണ്ണ് തുറക്കണം.
എല്ലാവരേയും ഒരേപോലെ കാണുന്ന സമീപനം വരണം. കേന്ദ്രനേതൃത്വം ഇതിനെതിരെ ഒന്നും ശബ്ദിക്കുന്നില്ല. ഇന്ത്യയില്‍ ജാനാധിപത്യവും സമാധാനവും രാജ്യത്തു തുടരുന്നുവെന്ന ലോകത്തിനു മുന്നില്‍ വ്യക്തമാക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.