കൊച്ചി-വിയറ്റ്നാം വിമാന സര്‍വീസ് ഓഗസ്റ്റ് 12ന് തുടങ്ങും; ടിക്കറ്റ് 5,555 രൂപ മുതൽ
Friday, July 7, 2023 10:24 AM IST
കൊച്ചി: വിയറ്റ്നാമിലെ ഹോചിമിന്‍ സിറ്റിക്കും കൊച്ചിക്കും ഇടയില്‍ നേരിട്ടുള്ള "വിയറ്റ്ജെറ്റ്' വിമാന സർവീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 12ന് സര്‍വീസ് ആരംഭിക്കും. കേരളത്തിൽ നിന്ന് വിയറ്റ്നാമിലേക്കുള്ള ആദ്യ വിമാന സർവീസാണിത്.
തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലായി പ്രതിവാരം നാലു വിമാനങ്ങളാകും സർവീസ് നടത്തുക.ഇതോടെ ഇന്ത്യയിൽ നിന്ന് വിയറ്റ്നാമിലേക്കു നേരിട്ടുള്ള വിമാന സർവീസുകളുടെ എണ്ണം 32 ആയി. മുംബൈ, ന്യൂഡല്‍ഹി, അഹമ്മദാബാദ് എന്നിവിടങ്ങളിൽനിന്നാണു മറ്റു സർവീസുകൾ.
വിയറ്റ്ജെറ്റ് തങ്ങളുടെ സിഗ്നേച്ചര്‍ മെഗാ സെയില്‍ പ്രമോഷന് അവതരിപ്പിച്ചു. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ 5,555 രൂപ മുതലാണ് ഒരു ഭാഗത്തേക്കുള്ള നിരക്ക്. 2023ലെ ആദ്യ അഞ്ചു മാസങ്ങളില്‍ ഇന്ത്യയില്‍നിന്ന് 1,41,000 സഞ്ചാരികളാണ് വിയറ്റ്നാമിലെത്തിയത്.