ഉപരിപഠനം തടസപ്പെടില്ല; ടിസി സമർപ്പിക്കാൻ സാവകാശം നൽകും: മന്ത്രി ആർ.ബിന്ദു
Friday, July 7, 2023 10:24 AM IST
തിരുവനന്തപുരം: വിദ്യാർഥികളുടെ ഉപരിപഠനം തടസപ്പെടുന്നത് ഒഴിവാക്കുന്നതിനായി ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സാവകാശം നൽകാൻ വേണ്ട അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ആർ. ബിന്ദു അറിയിച്ചു.
ഡിഎൽഇഡി, ബിഎഡ്, ബിരുദാനന്തര ബിരുദം തുടങ്ങിയ കോഴ്സുകൾ അവസാന സെമസ്റ്റർ / വർഷം പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ലഭിക്കാൻ താമസമുണ്ടാകുന്നതിനാൽ വിവിധ കോഴ്സുകളിലേക്ക് നടക്കുന്ന പ്രവേശന നടപടിയിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.
സർവകലാശാലകൾ പ്രവേശന പ്രക്രിയ പൂർത്തീകരിക്കുന്ന സമയം വരെയാണ് വിദ്യാർഥികൾക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സാവകാശം നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.