"ഒറ്റ എംപി പോലുമില്ലാത്ത പാർട്ടിയെയും കണ്ടു'; പ്രതിപക്ഷയോഗത്തെ പരിഹസിച്ച് പ്രഫുൽ പട്ടേൽ
Wednesday, July 5, 2023 10:37 PM IST
മുംബൈ:17 പാർട്ടികൾ ഒത്തുചേർന്ന പ്രതിപക്ഷ സംയുക്ത യോഗത്തെ പരിഹസിച്ച് ബിജെപി പാളയത്തിലെത്തിയ എൻസിപി നേതാവ് പ്രഫുൽ പട്ടേൽ. പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കവേ തനിക്ക് ചിരി വന്നുവെന്ന് പട്ടേൽ പരിഹസിച്ചു.
പാറ്റ്നയിൽ ജൂൺ 23-ന് ചേർന്ന യോഗത്തിൽ ശരദ് പവാറിനൊപ്പം താൻ പങ്കെടുത്ത കാര്യം ഓർമിപ്പിച്ചാണ് പട്ടേൽ ഇക്കാര്യം പറഞ്ഞത്. യോഗത്തിൽ പങ്കെടുത്ത 17 പാർട്ടികളിൽ ഏഴെണ്ണത്തിന് ലോക്സഭയിൽ ആകെ ഒരൊറ്റ എംപി മാത്രമാണ് ഉള്ളത്. ഒരു പാർട്ടിക്ക് ഒരൊറ്റ എംപി പോലും ലോക്സഭയിൽ ഇല്ലെന്നും പട്ടേൽ പറഞ്ഞു.
ഇത്തരമൊരു സഖ്യമാണ് ദേശീയതലത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്ന് അവകാശപ്പെടുന്നത്. എൻഡിഎയിൽ ചേരാനുള്ള തങ്ങളുടെ തീരുമാനം രാജ്യത്തിന്റെ ഉന്നമനത്തിനായി ആണെന്നും വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടിയല്ലെന്നും പട്ടേൽ കൂട്ടിച്ചേർത്തു.