"മേക്കപ്പ് ഇത്തിരി കൂടുതലാണ്'; അഫ്ഗാനിൽ ബ്യൂട്ടി പാർലറുകൾ നിരോധിച്ച് താലിബാൻ
Tuesday, July 4, 2023 6:16 PM IST
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ബ്യൂട്ടി പാർലറുകളും സലൂണുകളും അടച്ചുപൂട്ടണമെന്ന് ഉത്തരവിട്ട് താലിബാൻ ഭരണകൂടം.
കാബൂൾ അടക്കമുള്ള രാജ്യത്തെ എല്ലാ പ്രവിശ്യകളിലുമുള്ള ബ്യൂട്ടി പാർലറുകളും ഒരു മാസത്തിനുള്ളിൽ അടച്ചുപൂട്ടണമെന്നാണ് നിർദേശം. സദാചാര - സംസ്കാര സംരക്ഷണ വകുപ്പാണ് താലിബാൻ തലവൻ ഹിബത്തുള്ള അഖുൻസാദായുടെ ഈ നിർദേശം ഔദ്യോഗിക ഉത്തരവായി പുറത്തിറക്കിയത്.
എന്നാൽ എന്ത് കാരണത്താലാണ് ഈ തീരുമാനം എടുത്തതെന്ന് താലിബാൻ വിശദീകരണം നൽകിയിട്ടില്ല. ഒരു മാസത്തിനുള്ളിൽ ബ്യൂട്ടി പാർലറുകൾ അടച്ചുപൂട്ടി ഇത് ബോധ്യപ്പെടുത്തുന്ന റിപ്പോർട്ട് സമർപ്പിക്കണമെന്ന് പാർലർ ഉടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
നേരത്തെ, പൊതുസ്ഥലങ്ങളിൽനിന്നും പാർക്കുകൾ, ജിമ്മുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവടങ്ങളിൽനിന്നും സ്ത്രീകളെ വിലക്കുന്ന നടപടികളും താലിബാൻ സ്വീകരിച്ചിരുന്നു.