ഫ്ലോറിഡയിൽ ഇന്ത്യൻ ഐടി ജീവനക്കാരൻ കടലിൽ മുങ്ങിമരിച്ചു
Tuesday, July 4, 2023 7:55 PM IST
ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്ത് ആന്ധ്ര പ്രദേശ് സ്വദേശിയായ ഐടി ജീവനക്കാരൻ കടലിൽ മുങ്ങിമരിച്ചു. തിരയിൽ അകപ്പെട്ട മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പി. വെങ്കട രാജേഷ് കുമാർ(44) എന്ന ടെക്കി മരണപ്പെട്ടത്.
ജാക്ക്സൺവില്ലിലെ മിക്കേഴ്സ് ബീച്ചിൽ ഞായറാഴ്ച വൈകിട്ട്(പ്രാദേശിക സമയം) ആണ് അപകടം നടന്നത്. ബാപട്ല ജില്ലയിലെ അടാങ്കി ഗ്രാമത്തിൽ നിന്നുള്ള കുമാർ, ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ബീച്ചിൽ എത്തിയതായിരുന്നു.
കടൽതീരത്ത് കളിച്ചുകൊണ്ടിരുന്ന കുമാറിന്റെ 12 വയസുകാരനായ മകൻ പൊടുന്നനേയുണ്ടായ തിരയിളക്കത്തിൽ അകപ്പെടുകയായിരുന്നു. ശക്തമായ തിരയിൽ മുങ്ങിപ്പോകാൻ ഒരുങ്ങിയ മകനെ രക്ഷിക്കാനായി ഇറങ്ങിയ കുമാറും അപകടത്തിൽപ്പെടുകയായിരുന്നു.
ബീച്ചിലുണ്ടായിരുന്ന ഒരു അമേരിക്കൻ യുവാവ് ഇരുവരെയും രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന് ഇരുവരെയും ഹെലികോപ്റ്ററിൽ എയർലിഫ്റ്റ് ചെയ്ത് വൂൾഫ്സൺ ആശുപത്രിയിലെത്തിച്ചു.
ആശുപത്രിയിലെത്തിക്കും മുമ്പ് തന്നെ കുമാർ മരിച്ചിരുന്നതായും മകന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.
ഈ വർഷം ജനുവരിയിലാണ് കുമാർ ജോലിക്കായി അമേരിക്കയിൽ എത്തിയത്. പിന്നാലെ മേയിൽ ഇദ്ദേഹത്തിന്റെ കുടുംബവും ഫ്ലോറിഡയിലേക്ക് എത്തുകയായിരുന്നു.