തിരിഞ്ഞുംമറിഞ്ഞും തൃക്കാക്കര; എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച വിമതന് യുഡിഎഫിനൊപ്പം
Tuesday, July 4, 2023 10:40 AM IST
കൊച്ചി: തൃക്കാക്കരയില്‍ വീണ്ടും ട്വിസ്റ്റ്. എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച സ്വതന്ത്ര കൗണ്‍സിലര്‍മാരില്‍ ഒരാള്‍ യുഡിഎഫിനൊപ്പം ചേര്‍ന്നു. കൗണ്‍സിലര്‍ വര്‍ഗീസ് പ്ലാശേരിയാണ് യുഡിഎഫിനൊപ്പം ചേര്‍ന്നത്.
ഇതോടെ ഇരുപക്ഷത്തും അംഗബലം തുല്യമായി. 33 -ാം വാര്‍ഡ് കൗണ്‍സിലറാണ് വര്‍ഗീസ്. അധ്യക്ഷതെരഞ്ഞെടുപ്പില്‍ ആലോചിച്ചു തീരുമാനമെടുക്കുമെന്ന് വര്‍ഗീസ് പറഞ്ഞു.
കഴിഞ്ഞദിവസമാണ് തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന് രാജിവച്ചത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് ധാരണപ്രകാരമാണ് രാജിയെന്നായിരുന്നു അജിത തങ്കപ്പന്റെ വിശദീകരണം.
അജിതയുടെ രാജി സംബന്ധിച്ച് കോണ്‍ഗ്രസ് എ-ഐ ഗ്രുപ്പുകള്‍ക്കിടയില്‍ തര്‍ക്കം നിലനിന്നിരുന്നു. സ്ത്രീ സംവരണ സീറ്റായ ചെയര്‍പേഴ്സണ്‍ സ്ഥാനം രണ്ടര വര്‍ഷത്തിന് ശേഷം എ ഗ്രൂപ്പിന് നല്‍കാം എന്ന ധാരണയിലാണ് ഐ ഗ്രൂപ്പുകാരിയായ അജിത തങ്കപ്പന് സ്ഥാനമേറ്റെടുത്തത്.
എന്നാല്‍ ഈ ധാരണ തങ്ങളെ അറിയിച്ചിലെന്ന് ചൂണ്ടികാട്ടി സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ എല്‍ഡിഎഫിനൊപ്പം നില്ക്കാന് തീരുമാനിച്ചു. ഇതോടെ തൃക്കാക്കരയിലെ യുഡിഎഫ് ഭരണം കലങ്ങിമറിഞ്ഞു. ഇതിന് പിന്നാലെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തിന് നീക്കങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.