സത്യം ഉടൻ പുറത്തുവരും: ശരത് പവാർ
Sunday, July 2, 2023 9:41 PM IST
മുംബൈ: മഹാരാഷ്ട്രയിൽ എൻസിപി നേതാവ് അജിത് പവാർ നടത്തിയ വിമത നീക്കത്തിനു പിന്നാലെ സത്യം ഉടൻ പുറത്തുവരുമെന്ന് എൻസിപി അധ്യക്ഷൻ ശരത് പവാർ. തിങ്കളാഴ്ച പാർട്ടി നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിൽ പാർട്ടിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്നും ശരത് പവാർ പറഞ്ഞു.
അജിത് പവാര്‍ പാര്‍ട്ടി വിട്ട് ഏക്നാഥ് ഷിൻഡെ-ബിജെപി സര്‍ക്കാരിന്റെ ഭാഗമായതിനു പിന്നാലെയാണ് ശരത് പവാറിന്റെ പ്രതികരണം. എന്‍സിപിയുടെ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് പ്രഫുല്‍ പട്ടേലും വിമത നിരയ്ക്കൊപ്പമാണ് എന്നതാണ് ശ്രദ്ധേയം.
എൻസിപി പിളർത്തി നിരവധി എംഎൽഎമാർക്കൊപ്പം എത്തിയ അജിത് പവാറിന് ഉപമുഖ്യമന്ത്രി പദവി നൽകിയാണ് ബിജെപി സഖ്യസർക്കാർ സ്വീകരിച്ചത്. അജിത്തിനൊപ്പം എത്തിയ ഒൻപത് എംഎൽഎമാർക്കും മന്ത്രി പദവിയും നൽകി. ഇവരെല്ലാം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയും ചെയ്തു.
അജിത്ത് പവാർ കൂടി അധികാരമേറ്റതോടെ മഹാരാഷ്ട്രയിൽ രണ്ട് ഉപമുഖ്യമന്ത്രിമാരായി. നിലവിൽ ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയാണ്.