തക്കാളിയുടെ ശരാശരി വില ഉയർന്നിട്ടില്ലെന്ന് കേന്ദ്രമന്ത്രി
Sunday, July 2, 2023 5:46 PM IST
ന്യൂഡൽഹി: കുതിച്ചുയുരുന്ന തക്കാളി വിലയെപ്പറ്റി താത്വികമായ അവലോകനം നടത്തി കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ. കഴിഞ്ഞ വർഷത്തെ ശരാശരി വിലയുമായി തുലനം ചെയ്യുമ്പോൾ നിലവിലെ തക്കാളി വിലയിൽ വലിയ വ്യത്യാസമില്ലെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചക്കിടെ വില ഉയർന്ന ഏക ഉത്പന്നം തക്കാളി ആണെന്ന് പറഞ്ഞ ഗോയൽ, കഴിഞ്ഞ വർഷത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ തക്കാളി, ഉരുളക്കിഴങ്ങ് എന്നിവയ്ക്ക് ഇപ്പോഴുള്ള വില കുറവാണെന്നും വ്യക്തമാക്കി.
കാലം തെറ്റിയുള്ള മഴ കാരണമാണ് ഇപ്പോൾ വില ഉയർന്നത്. ഹിമാചൽ പ്രദേശ്, കർണാടക എന്നിവടങ്ങളിൽ നിന്ന് കൂടുതൽ തക്കാളി എത്തുന്നതോടെ വില നിയന്ത്രിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. ഇത് താൽക്കാലിക വിലക്കയറ്റമാണ്.
വിലക്കയറ്റം പിടിച്ചുനിർത്താനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങളെ വിദേശരാജ്യങ്ങൾ പ്രശംസിച്ചിട്ടുണ്ടെന്നും ഗോയൽ കൂട്ടിച്ചേർത്തു.