അമർനാഥ് തീർഥാടകർക്ക് വ്യാജ രജിസ്ട്രേഷൻ സ്ലിപ്പുകൾ വിറ്റ മൂന്നുപേർ അറസ്റ്റിൽ
Sunday, July 2, 2023 7:37 AM IST
ശ്രീനഗർ: അമർനാഥ് തീർഥാർടകർക്ക് വ്യാജ രജിസ്ട്രേഷൻ സ്ലിപ്പുകൾ വിറ്റ മൂന്നുപേർ അറസ്റ്റിൽ. ഡൽഹി സ്വദേശിയും രണ്ട് കൂട്ടാളികളുമാണ് അറസ്റ്റിലായത്.
ജമ്മു, സാംബ, കത്തുവ ജില്ലകളിലെ തീർഥാടകരിൽ നിന്ന് 400-ലധികം വ്യാജ രജിസ്ട്രേഷൻ പെർമിറ്റുകൾ വെള്ളിയാഴ്ച കണ്ടെടുത്തു. ഇതേതുടർന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.
അന്വേഷണത്തിൽ ഡൽഹിയിൽ നിന്നുള്ള ഒരാളാണ് വ്യാജ രജിസ്ട്രേഷൻ സ്ലിപ്പുകൾ തയാറാക്കുന്ന റാക്കറ്റ് നടത്തുന്നതെന്ന് കണ്ടെത്തി. പിന്നീട് ജമ്മു കാഷ്മീർ പോലീസിന്റെ ഒരു സംഘം ഡൽഹിയിൽ റെയ്ഡ് നടത്തുകയും പ്രതിയായ വെസ്റ്റ് റോഹ്താസ് നഗറിലെ ഹരേന്ദർ വർമയെ പിടികൂടുകയും ചെയ്തു.
പിന്നീട്, ഇയാളുടെ കൂട്ടാളികളായ ദലീപ് പ്രജാപതി, വിനോദ് കുമാർ എന്നിവരെയും പിടികൂടി. പ്രതികൾ കുറ്റകൃത്യത്തിന് ഉപയോഗിച്ച കമ്പ്യൂട്ടറും പ്രിന്ററും പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.