പാർക്കിംഗ് സഹായി എന്ന വ്യാജേന ആഡംബര കാർ തട്ടിയെടുത്തയാൾ പിടിയിൽ
Saturday, July 1, 2023 8:12 PM IST
ഹൈദരാബാദ്: പാർക്കിംഗ് സഹായി എന്ന വ്യാജേന ആഡംബര കാറുകളുടെ താക്കോൽ കൈക്കലാക്കി വാഹനങ്ങളുമായി കടന്നുകളഞ്ഞ യുവാവ് പിടിയിൽ. ഹൈദരാബാദിൽ വെബ് ഡെവലപ്പറായി ജോലി ചെയ്യുന്ന ബി. അരുൺ റെഡ്ഡി(29) എന്നയാളാണ് പിടിയിലായത്.
ജൂൺ 24-ന് ഹൈദരാബാദ് നഗരത്തിലെ ഒരു വൻകിട ഹോട്ടലിന് മുമ്പിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. വാലെ പാർക്കിംഗ് സർവീസിനായി നിയോഗിക്കപ്പെട്ട വ്യക്തിയാണെന്ന് പറഞ്ഞ് ഇയാൾ ഹോട്ടലിലെ സംഗീതനിശയ്ക്കായി എത്തിയ ഒരു യുവതിയെ സമീപിച്ചു.
തുടർന്ന് പാർക്കിംഗ് വിവരങ്ങൾ രേഖപ്പെടുത്താനുള്ള മൊബൈൽ ആപ്പിൽ വിവരങ്ങൾ ശേഖരിച്ച ശേഷം ഇയാൾ യുവതിയുടെ ബിഎംഡബ്ല്യു സെഡ്4 കാറുമായി കടന്നുകളയുകയായിരുന്നു.
സംഗീതനിശയ്ക്ക് ശേഷം ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയ വേളയിലാണ് കാർ നഷ്ടമായ വിവരം യുവതി തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, മറ്റൊരു ഹോട്ടലിന്റെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന ഇതേ കാർ അവിടെ നിന്ന് മാറ്റാനായി എത്തിയ റെഡ്ഡിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
വിശദമായ ചോദ്യംചെയ്യലിൽ മുമ്പ് ഒരുതവണ കൂടി ഇയാൾ സമാന കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്ന് വ്യക്തമായി. 2022 മേയിൽ നഗരത്തിലെ ഒരു പബ്ബിൽ നിന്ന് മോഷ്ടിച്ച കാർ ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തി.