അഖിലേഷിന് അമ്പത്; 100 കടന്ന തക്കാളിയെ കേക്കിലാക്കി ആഘോഷം
Saturday, July 1, 2023 8:12 PM IST
ലക്നോ: സമാജ്വാദി പാർട്ടി തലവൻ അഖിലേഷ് യാദവിന്റെ 50-ാം ജന്മദിനത്തിൽ തക്കാളിയുടെ രൂപത്തിലുള്ള കേക്ക് മുറിച്ച് ആഘോഷിച്ച് പാർട്ടി പ്രവർത്തകർ.
120 രൂപ കടന്ന തക്കാളി വിലയെപ്പറ്റിയുള്ള ഓർമപ്പെടുത്തലിനായി ആണ് അണികൾ വ്യത്യസ്തമായ ഈ ആഘോഷം സംഘടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽ നടത്തിയ ആഘോഷത്തിലാണ് തക്കാളിയിൽ എസ്പി പ്രവർത്തകർ മധുരം ചാലിച്ചത്.
സാധാരണയായി തങ്ങൾ അഖിലേഷിന്റെ ജന്മദിനത്തിന് മധുരപലഹാരം വിതരണം ചെയ്യാറുണ്ടെന്നും എന്നാൽ ഈ വർഷം ഇതിനും വില വർധിച്ചെന്നും പ്രവർത്തകർ പറഞ്ഞു. സ്ഥിരമായി ചപ്പാത്തിക്കൊപ്പം തക്കാളി ചട്ണി കഴിക്കുന്ന തങ്ങൾക്ക് ഈ രീതിയിൽ പ്രതിഷേധിക്കാനാണ് താൽപര്യമെന്നും അണികൾ അറിയിച്ചു.