ഹിറ്റ്ലർ അനുകൂല പരാമർശം; അധികാരമേറ്റ് പത്താം നാൾ രാജിവച്ച് ഫിൻലൻഡ് ധനമന്ത്രി
Friday, June 30, 2023 11:17 PM IST
ഹെൽസിങ്കി: നാസി അനുകൂല പരാമർശങ്ങൾ നടത്തിയതും ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലറെപ്പറ്റി തമാശ പറഞ്ഞതും വെളിപ്പെട്ടതോടെ കാബിനറ്റ് സ്ഥാനം രാജിവച്ച് ഫിന്നിഷ് ധനമന്ത്രി വിൽഹെം യുന്നില.
അധികാരമേറ്റ് 10 ദിവസങ്ങൾക്കുള്ളിൽ രാജിവച്ചതോടെ ഫിന്നിഷ് ചരിത്രത്തിലെ ഏറ്റവും വേഗമുള്ള കാബിനറ്റ് സ്ഥാനനഷ്ടമെന്ന കുപ്രസിദ്ധ റിക്കാർഡും യുന്നില സ്വന്തമാക്കി. 1932-ൽ 12 ദിവസം മാത്രം മന്ത്രിപദം അലങ്കരിച്ച കാൾ ലെന്നാർട്ട് ഒയേഷിന്റെ റിക്കാർഡാണ് പഴങ്കഥയായത്.
200-ൽ 108 സീറ്റുകൾ നേടി ജൂൺ 16-നാണ് പെറ്റേരി ഓർപ്പോയുടെ നേതൃത്വത്തിലുള്ള ചതുർകക്ഷി സർക്കാർ രാജ്യത്ത് അധികാരമേറ്റത്. ജൂൺ 20-നാണ് യുന്നില ധനവകുപ്പിന്റെ ചുമതല ഏറ്റെടുത്തത്.
പിന്നാലെ 2019-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനിടെ യുന്നില വിവാദപരാമർശങ്ങൾ നടത്തുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. തുർക്കു നഗരത്തിലെ പ്രചാരണയോഗത്തിനിടെ, തന്റെ ബാലറ്റ് നമ്പർ 88 ആണെന്നും ഇത് എച്ച്എച്ച് എന്നും വായിക്കാമെന്നും യുന്നില പറഞ്ഞു.
ഇംഗ്ലിഷ് അക്ഷരമാലയിലെ എട്ടാം അക്ഷരമായ എച്ച് രണ്ട് തവണ അടുപ്പിച്ച് എഴുതി ഹെയ്ൽ ഹിറ്റ്ലർ(ഹിറ്റ്ലർ നീണാൾ വാഴട്ടെ) എന്ന അർഥമുള്ള സന്ദേശം പ്രഖ്യാപിക്കുന്നത് നാസികാലഘട്ടത്തിലെ ഒരു പതിവായിരുന്നു. ഇതാണ് യുന്നില പ്രസംഗത്തിൽ സൂചിപ്പിച്ചത്.
സംഭവം വിവാദമായതോടെ, തനിക്ക് തീവ്ര വലതുകക്ഷികളുമായി ബന്ധമില്ലെന്നും പദവിയെ മാനിക്കാനായി രാജിവയ്ക്കുകയാണെന്നും യുന്നില അറിയിച്ചു.