കാരണം മാറിയിട്ടില്ല; റേഷന്‍ വിതരണം വീണ്ടും തടസപ്പെട്ടു
Friday, June 30, 2023 1:33 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണം തടസപ്പെട്ടു. വിവിധ ജില്ലകളില്‍ ഇ പോസ് മെഷീന് പണിമുടക്കി. റേഷന്‍ വാങ്ങാനാകാതെ നൂറുകണക്കിനാളുകള്‍ ബുദ്ധിമുട്ടിലായി.
പല സ്ഥലങ്ങളിലും വ്യാപാരികളും കാര്‍ഡ് ഉടമകളും തമ്മില്‍ തര്‍ക്കം ഉണ്ടായി. എന്‍ഐസി സോഫ്റ്റ്വെയറിന്റെ പ്രശ്നമെന്നാണ് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് നല്കുന്ന വിശദീകരണം.
റേഷന്‍ വിതരണം മുടങ്ങാതിരിക്കാന്‍ ശാശ്വതമായ പരിഹാരമാണ് ആവശ്യമെന്നും വിഷയത്തില്‍ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
മാസങ്ങളായി നിലനില്‍ക്കുന്ന നെറ്റ്വര്‍ക്ക് തകരാര്‍ പ്രശ്നം പരിഹരിക്കാന്‍ ഭക്ഷ്യവകുപ്പിന് കഴിയുന്നില്ലെങ്കില്‍ കടകളിലെത്തുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മാന്വല്‍ ആയി റേഷന്‍ കൊടുക്കുവാനുള്ള ഉത്തരവ് അടിയന്തരമായി ഇറക്കി പ്രശ്നം പരിഹരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
നെറ്റ്വര്‍ക്ക് പ്രശ്നം ഉള്‍പ്പെടെ വ്യാപാരികളുടെ ആവശ്യം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ ഒന്നിന് താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്ക് മുമ്പില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് കൂട്ടധര്‍ണ നടത്തും.