സാഫ് കപ്പ്: സമനില വഴങ്ങി ഇന്ത്യ
Tuesday, June 27, 2023 10:59 PM IST
ബംഗളൂരു: സാഫ് ചാന്പ്യൻഷിപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ കരുത്തരായ കുവൈറ്റിനെതിരെ അവസാന മിനിറ്റിൽ സമനില വഴങ്ങി ഇന്ത്യ.
സുനിൽ ഛേത്രിയുടെ ഗോൾമികവിൽ 90-ാം മിനിറ്റ് വരെ മുന്നിൽനിന്ന ഇന്ത്യയെ അൻവർ അലിയുടെ സെൽഫ് ഗോളാണു ചതിച്ചത്. കുവൈറ്റ് താരം അബ്ദുള്ള അബൗഷിയുടെ ക്രോസ് അലിയുടെ കാലിൽതട്ടി സ്വന്തം പോസ്റ്റിൽ പതിക്കുകയായിരുന്നു. സ്കോർ 1 -1.
ആദ്യ പകുതിയുടെ അധികസമയത്തായിരുന്നു നായകൻ സുനിൽ ഛേത്രിയുടെ ഗോൾ. ഇന്ത്യക്ക് അനുകൂലമായി ലഭിച്ച കോർണർ ഒരുഗ്രൻ വോളിയിലൂടെ, കുവൈറ്റ് പ്രതിരോധനിരയ്ക്ക് ഒരുവസരവും നൽകാതെ ഛേത്രി വലയിലാക്കുകയായിരുന്നു.
മത്സരത്തിനൊടുവിൽ ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ച്, താരം റഹിം അലി, കുവൈറ്റ് താരം അൽകാഫ് എന്നിവർക്കു ചുവപ്പുകാർഡ് കിട്ടി.
പാക്കിസ്ഥാനെയും നേപ്പാളിനെയും പരാജയപ്പെടുത്തി നേരത്തേതന്നെ സെമി ഉറപ്പിച്ചിരുന്ന ഇന്ത്യ സമനിലയോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി. ഇന്ത്യയ്ക്കും കുവൈറ്റിനും ഏഴു പോയിന്റാണെങ്കിലും ഗോൾ എണ്ണത്തിൽ കുവൈറ്റ് ഒന്നാം സ്ഥാനക്കാരായി.