വ്യാജ രേഖാ കേസ്: വിദ്യയ്ക്ക് ജാമ്യം
Tuesday, June 27, 2023 9:21 PM IST
കാഞ്ഞങ്ങാട്: വ്യാജരേഖ ഹാജരാക്കി താൽക്കാലിക അധ്യാപക ജോലി നേടിയ സംഭവത്തിൽ മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യയ്ക്ക് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.
വിദ്യയെ കസ്റ്റഡിയിൽ വേണമെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടില്ല. അന്വേഷണവുമായി സഹകരിക്കുമെന്ന് വിദ്യയുടെ അഭിഭാഷകൻ അറിയിച്ചതോടെയാണ് ജാമ്യം ലഭിച്ചത്.
കരിന്തളം ഗവ. കോളജില്‍ വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഗസ്റ്റ് ലക്ചറര്‍ നിയമനം നേടിയ കേസിൽ വിദ്യയെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വ്യാജ രേഖ ചമയ്ക്കല്‍, വ്യാജ രേഖ ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കല്‍, വഞ്ചന എന്നീ വകുപ്പുകളാണ് വിദ്യയ്ക്കെതിരേ ചുമത്തിയത്. തെളിവ് നശിപ്പിക്കൽ കുറ്റവും വിദ്യയ്ക്കെതിരേ ചുമത്തിയിട്ടുണ്ട്.
അഗളി പോലീസിന് നല്കിയ മൊഴി ചോദ്യംചെയ്യലില്‍ വിദ്യ ആവര്‍ത്തിച്ചു. സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത് ഫോണിലൂടെയാണെന്നും ആ ഫോണ്‍ തകരാര്‍ സംഭവിച്ച് ഉപേക്ഷിച്ചെന്നും വിദ്യ നീലേശ്വരം പോലീസിന് മൊഴി നല്കി.
വ്യാജരേഖ ഉണ്ടാക്കിയത് മൊബൈല്‍ ഫോണില്‍ ആരുടേയും സഹായമില്ലെന്നും ഒറിജിനല്‍ നശിപ്പിച്ചുവെന്നും വിദ്യ പോലീസിനോട് സമ്മതിച്ചതായാണ് വിവരം.