ഒബാമ ആറ് മുസ്ലിം രാജ്യങ്ങളിൽ ബോംബിട്ട വ്യക്തിയെന്ന് നിർമല സീതാരാമൻ
Sunday, June 25, 2023 10:24 PM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള നയതന്ത്ര ചർച്ചയ്ക്കിടെ ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉന്നയിക്കണമെന്ന പ്രസ്താവന നടത്തിയ മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് മറുപടിയുമായി കേന്ദ്ര സർക്കാർ.
ആറ് മുസ്ലിം രാജ്യങ്ങളിൽ ബോംബിട്ട വ്യക്തിയാണ് ഒബാമയെന്നും ഏകദേശം 26,000-ഓളം ബോംബുകളാണ് ഒബാമ സർക്കാർ ഈ രാജ്യങ്ങളിൽ വർഷിച്ചതെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രസ്താവിച്ചു.
ഒബാമയുടെ പ്രസ്താവന ഞെട്ടിച്ചെന്നും അമേരിക്കയുമായി നല്ല നയതന്ത്രബന്ധമാണ് ആഗ്രഹിക്കുന്നതെന്നും സീതാരാമൻ പറഞ്ഞു. എല്ലാ ജനവിഭാഗങ്ങളെയും ഒന്നായി കാണുന്ന "സബ്കാ സാത്ത് സബ്കാ വികാസ്' നയമാണ് മോദി സർക്കാരിനെന്നും സീതാരാമൻ കൂട്ടിച്ചേർത്തു.
ബൈഡൻ - മോദി കൂടിക്കാഴ്ചയ്ക്ക് മുമ്പായി യുഎസിലെ സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഒബാമ മോദിയെയും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗിനെയും ഏകാധിപത്യ സ്വഭാവമുള്ളവരെന്ന് വിമർശിച്ചത്.