ഊരിപ്പോന്ന് "തൊപ്പി'; വിവാദ യൂട്യൂബർക്ക് ജാമ്യം
Friday, June 23, 2023 9:02 PM IST
മലപ്പുറം: അശ്ലീല പദപ്രയോഗം നടത്തിയതിന് അറസ്റ്റിലായ വിവാദ യൂട്യൂബർ "തൊപ്പി'ക്ക്(മുഹമ്മദ് നിഹാൽ) ജാമ്യം ലഭിച്ചു.
ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് തൊപ്പിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്.
ഇന്ന് രാവിലെയാണ് മലപ്പുറം വളാഞ്ചേരി പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വീട്ടിലെത്തിയ പോലീസ് മുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് പ്രവേശിച്ച് തന്നെ കസ്റ്റഡിയിലെടുക്കുന്ന വീഡിയോ തൊപ്പി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
വളാഞ്ചേരിയിൽ കട ഉദ്ഘാടനത്തിനെത്തിയപ്പോൾ ഗതാഗത തടസം സൃഷ്ടിച്ചു, അശ്ലീല പദപ്രയോഗം നടത്തി തുടങ്ങിയ വകുപ്പുകളിലാണ് ഇയാൾക്കെതിരെ കേസെടുത്തത്. വീഡിയോകളിലൂടെ അശ്ലീലവും സ്ത്രീവിരുദ്ധതയും നടത്തി കുട്ടികളെ വഴി തെറ്റിക്കുന്നതായായും പരാതി ഉയർന്നിരുന്നു.