തൊപ്പിക്ക് കൈയടിക്കുന്ന കുട്ടികളെ കണ്ടപ്പോൾ വേദന തോന്നി: മന്ത്രി ബിന്ദു
സ്വന്തം ലേഖകൻ
Friday, June 23, 2023 3:02 PM IST
തിരുവനന്തപുരം: തൊപ്പിയെ പോലുള്ള യുട്യൂബർമാർ കുട്ടികളിൽ ഉണ്ടാക്കുന്ന സ്വാധീനത്തെ ഏറെ ആശങ്കയോടെ കാണണമെന്ന് ഉന്നതവിദ്യഭ്യാസമന്ത്രി ആർ. ബിന്ദു. തൊപ്പി സംസാരിക്കുന്നത് സാമൂഹ്യവിരുദ്ധമായ കാര്യങ്ങളാണ്. ഇയാൾക്ക് കൈയടിക്കുന്ന കുട്ടികളെ കണ്ടപ്പോൾ അധ്യാപിക എന്ന നിലയിലും അമ്മ എന്ന നിലയിലും വേദന തോന്നിയെന്നും മന്ത്രി പറഞ്ഞു.
അശ്ലീല പദപ്രയോഗം നടത്തിയതിന് കേസെടുത്തതിന് പിന്നാലെയാണ് വിവാദ യുട്യൂബർ തൊപ്പി എന്ന മുഹമ്മദ് നിഹാലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടിലെത്തിയ പോലീസ് മുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് പ്രവേശിച്ചാണ് നിഹാലിനെ കസ്റ്റഡിയിലെടുത്തത്. ഇതിന്റെ വീഡി യോ തൊപ്പി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
മലപ്പുറം വളാഞ്ചേരി പോലീസാണ് തൊപ്പിക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസം വളാഞ്ചേരിയിൽ കട ഉദ്ഘാടനത്തിനെത്തിയപ്പോൾ ഗതാഗത തടസം സൃഷ്ടിച്ചു, അശ്ലീല പദപ്രയോഗം നടത്തി തുടങ്ങിയ വകുപ്പുകളിലാണ് കേസ്. നിഹാദിന്റെ വീഡിയോയിലൂടെ അശ്ലീലവും സ്ത്രീവിരുദ്ധതയും നടത്തി കുട്ടികളെ വഴി തെറ്റിക്കുന്നതായാണ് പരാതി.