‘തൊപ്പി'ക്കെതിരേ ഡിവൈഎഫ്ഐ
Thursday, June 22, 2023 7:40 PM IST
കോഴിക്കോട്: സാമൂഹ്യവിരുദ്ധവും സ്ത്രീവിരുദ്ധവുമായ വീഡിയോകള്‍ ചെയ്യുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ്. വീഡിയോ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങളെ സംബന്ധിച്ചും കുട്ടികളുടെ സോഷ്യല്‍മീഡിയ ഉപയോഗത്തെ സംബന്ധിച്ചും മാനദണ്ഡങ്ങള്‍ കൊണ്ടുവരണമെന്നും ഡിവൈഎഫ്ഐ ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ "തൊപ്പി' എന്നറിയപ്പെടുന്ന യൂട്യൂബര്‍ ചെയ്യുന്ന വീഡിയോകളുടെ ഉള്ളടക്കം ഇത്തരത്തില്‍പ്പെട്ടതാണ്. സ്ത്രീ വിരുദ്ധവും അശ്ലീല പദപ്രയോഗങ്ങളും തെറി വിളികളും അടങ്ങുന്ന വീഡിയോകള്‍ക്ക് ആ നിലയിലുള്ള കാഴ്ചക്കാരെ ലഭിക്കും.
എന്നാല്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള പുതുതലമുറ ആവശ്യമായ നവമാധ്യമ വിദ്യാഭ്യാസം പോലും ലഭിക്കാതെ ഇത്തരം വിഡിയോകളുടെ ആരാധകരാകുകയാണ്. മൊബൈല്‍ ഫോണില്‍ യാതൊരു നിയന്ത്രണവുമില്ലാതെ ഏതുതരം വീഡിയോകളും ലഭിക്കുന്നു.
ഏതുവിധേനയും ജനശ്രദ്ധ നേടുക, എങ്ങനെയും പണവും പ്രശസ്തിയും നേടുക എന്നതുമാണ് ഇത്തരം വീഡിയോകൾക്ക് പിന്നില്‍. സ്ത്രീ വിരുദ്ധതയും തെറിവിളിയും അശ്ലീല പദപ്രയോഗങ്ങളുമായി പേരെടുത്ത ഒരാളുടെ അഭിമുഖങ്ങള്‍ നടത്തുന്നവരും ഉദ്ഘാടനത്തിന് കൊണ്ടുവരുന്നവരും എന്തുതരം സന്ദേശമാണ് പൊതുസമൂഹത്തിന് നല്‍കുന്നതെന്ന് ആലോചിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.