അശ്ലീല പദപ്രയോഗം: ‘തൊപ്പി’ക്കെതിരെ കേസെടുത്ത് പോലീസ്
സ്വന്തം ലേഖകൻ
Thursday, June 22, 2023 4:53 PM IST
തിരൂർ: സമൂഹമാധ്യമങ്ങളിൽ വൈറലായ യൂട്യൂബർ ‘തൊപ്പി’ക്കെതിരെ പോലീസ് കേസെടുത്തു. അശ്ലീല പദപ്രയോഗം നടത്തിയതിനാണ് ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാലിനെതിരെ വളാഞ്ചേരി പോലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം വളാഞ്ചേരിയിൽ കട ഉദ്ഘാടനത്തിനെത്തിയപ്പോൾ ഗതാഗത തടസം സൃഷ്ടിച്ചു, അശ്ലീല പദപ്രയോഗം നടത്തി തുടങ്ങിയ വകുപ്പുകളിലാണ് കേസ്. നിഹാദിന്റെ വീഡിയോയിലൂടെ അശ്ലീലവും സ്ത്രീവിരുദ്ധതയും നടത്തി കുട്ടികളെ വഴി തെറ്റിക്കുന്നതായാണ് പരാതി.
വളാഞ്ചേരി പൈങ്കണ്ണൂര്‍ പാണ്ടികശാല സ്വദേശിയും സന്നദ്ധപ്രവര്‍ത്തകനുമായ സെയ്ഫുദ്ദീന്‍ പാടത്തിന്റെ പരാതിയിലാണ് വിവാദ പരിപാടിയില്‍ പോലീസ് കേസെടുത്തിരിക്കുന്നത്. വസ്ത്രവ്യാപാരശാല ഉടമയും കേസില്‍ പ്രതിയാണ്.
ചുരുങ്ങിയ കാലം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായ യൂട്യൂബറാണ് "തൊപ്പി'. ആറുലക്ഷത്തിൽ കൂടുതൽ സബ്സ്ക്രൈബേഴ്സ് തൊപ്പിയുടെ യൂട്യൂബ് ചാനലിനുണ്ട്. ഗെയിമിംഗ് പ്ലാറ്റ്ഫോമിലൂടെയാണ് തൊപ്പി കുട്ടികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.
ഇതിനിടെ തൊപ്പിയുടെ വീഡിയോ സ്കൂളിൽ പഠിക്കുന്ന കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്നു കാണിച്ച് അധ്യാപകർ രംഗത്തുവന്നിരുന്നു. പെൺകുട്ടികളെ മോശക്കാരായി ചിത്രീകരിക്കുക, അശ്ലീലം നിറഞ്ഞ വാക്കുകൾ ഉപയോഗിക്കുക തുടങ്ങിയവയെല്ലാം കുട്ടികളിൽ അടിച്ചേൽപ്പിക്കുന്നതാണ് തൊപ്പിയുടെ വീഡിയോയെന്ന് അധ്യാപകർ പറയുന്നു.
"തൊപ്പി' യുടെ വീഡിയോയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഒരു അധ്യാപകൻ പങ്കുവെച്ച കുറിപ്പുകളും വൈറലായി. "സ്കൂൾ തുറന്നതു മുതൽ മൂന്നു മുതൽ ഏഴുവരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന ആൺകുട്ടികളുടെ സ്വഭാവത്തിൽ വലിയ വ്യത്യാസം കണ്ടു. അന്വേഷിച്ചപ്പോൾ അത് തൊപ്പിയുടെ വീഡിയോയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിട്ടാണെന്ന് അധ്യാപകൻ പറയുന്നു.
കഴിഞ്ഞദിവസം മലപ്പുറം വളാഞ്ചേരിയിൽ ഒരു കടയുടെ ഉദ്ഘാടനത്തിന് "തൊപ്പി' എത്തിയപ്പോൾ ആയിരക്കണക്കിന് കുട്ടികളാണ് തടിച്ചുകൂടിയത്. ഇതോടെയാണ് "തൊപ്പി'യെന്ന യൂട്യൂബർ കേരളത്തിൽ ശ്രദ്ധേയമായത്.